‘മാപ്പ് പറയാൻ എന്‍റെ പേര് സവർക്കറല്ല, മോദിയുടെ കണ്ണുകളിൽ ഭയം കണ്ടു’ -രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ അടുത്ത പ്രസംഗം ഭയക്കുകയാണെന്നും അതുകൊണ്ടാണ് തന്നെ അയോഗ്യനാക്കിയതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

ലണ്ടൻ പരാമർശത്തിൽ മാപ്പുപറയണമെന്ന ബി.ജെ.പി ആവശ്യം മാധ്യപ്രവർത്തകർ ഉന്നയിച്ചപ്പോൾ, ‘തന്‍റെ പേര് സവർക്കറല്ല. ഞാൻ ഒരു ഗാന്ധിയനാണ്. മാപ്പു പറയില്ലെന്നു’മായിരുന്നു രാഹുലിന്‍റെ പ്രതികരണം. എന്‍റെ അടുത്ത പ്രസംഗം പ്രധാനമന്ത്രി ഭയക്കുന്നതുകൊണ്ടാണ് ഞാൻ അയോഗ്യനാക്കപ്പെട്ടത്. മോദിയുടെ കണ്ണുകളിൽ ഞാൻ ഭയം കാണുന്നു. അതുകൊണ്ട് ഞാൻ പാർലമെന്‍റിൽ സംസാരിക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല -രാഹുൽ പറഞ്ഞു.

Full View

രാജ്യത്തിന്‍റെ ആഭ്യന്തര പ്രശ്നങ്ങളിൽ വിദേശ ശക്തികളുടെ ഇടപെടൽ ആവശ്യപ്പെട്ടെന്ന ബി.ജെ.പി ആരോപണവും രാഹുൽ തള്ളിക്കളഞ്ഞു. ലണ്ടൻ പരാമർശത്തിൽ ലോക്സഭയിൽ സംസാരിക്കാൻ താൻ സ്പീക്കറുടെ അനുമതി തേടിയിരുന്നു. എനിക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ, അത് സത്യത്തിന് വേണ്ടി പോരാടുകയും ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. എന്നെ ജീവപര്യന്തം അയോഗ്യനാക്കിയാലും തടവിലാക്കിയാലും ഞാൻ പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി.

താൻ ആരെയും ഭയക്കുന്നില്ല, ജയിലിൽ അടച്ച് തന്നെ നിശബ്ദനാക്കാനാകില്ല. എല്ലാം തുടങ്ങിയത് പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങളെ തുടർന്നാണ്. താൻ ചോദിച്ചത് ഒരു ചോദ്യം മാത്രമാണ്. അദാനിയുടെ ഷെൽ കമ്പനിയിൽ നിക്ഷേപം നടത്തുന്നതാര്? അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്ത്‍? ഈ ചോദ്യമാണ് താൻ ലോക്സഭയിൽ ഉന്നയിച്ചത്. തന്‍റെ കത്തുകൾക്കൊന്നും സ്പീക്കർ മറുപടി നൽകുന്നില്ല.

സ്പീക്കറെ നേരിട്ടു കണ്ടിട്ടും പാർലമെന്‍റിൽ സംസാരിക്കാൻ അവസരം തന്നില്ല. തന്‍റെ പ്രസ്താവനകൾ സഭാ രേഖയിൽനിന്ന് നീക്കി. ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കില്ല. താൻ ആരെയും ഭയക്കുന്നില്ല. അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാനാകില്ല. വയനാട്ടിലെ ജനങ്ങൾ തന്‍റെ കുടുംബമാണ്. കേസിന്‍റെ നിയമപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - My Name Is Not Savarkar, Won't Apologise": Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.