മുസ്തഫാബാദ് ഇനി കബീർധാം..!; മുസ്‍ലിം ജനസംഖ്യ കുറവുള്ള ഒരു സ്ഥലത്തിന് മുസ്തഫാബാദ് എന്ന് പേര് നൽകിയത് അത്ഭുതപ്പെടുത്തിയെന്ന് യോഗി ആദിത്യനാഥ്

ലഖ്നോ: ഉത്തർപ്രദേശിൽ മുഗൾചരിത്രവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ മാറ്റുന്നത് തുടരുന്നു. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

കബീർദാസിന്റെ ചരി​ത്രവും അദ്ദേഹം തീർത്ത സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും ലഖിംപൂരിൽ ‘സ്മൃതി മഹോത്സവ് മേള’യെ അഭിസംബോധന ചെയ്യവെ, അദ്ദേഹം വ്യക്തമാക്കി. പഴയ ഭരണാധികാരികളുടെ ഓർമക്കായി രാജ്യത്തിന്റെ യഥാർഥ സംസ്കാരം വിസ്മരിച്ച് പേരുമാറ്റം നടത്തിയ മുൻകാല സർക്കാറുകളുടെ നടപടിക്കുള്ള തിരുത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‍ലിം ജനസംഖ്യ നന്നേ കുറവുള്ള ഒരു സ്ഥലത്തിന് മുസ്തഫാബാദ് എന്ന് പേര് നൽകിയത്, തന്നെ അത്ഭുതപ്പെടുത്തിയെന്ന് യോഗി പറഞ്ഞു. ‘‘മുൻകാല ഭരണാധികാരികൾ അയോധ്യയെ ഫൈസാബാദ് എന്നും പ്രയാഗ് രാജിനെ അലഹാബാദ് എന്നും കബീർധാമിനെ മുസ്തഫാബാദ് എന്നും തിരുത്തി. ​

മതേതരത്വത്തിന്റെ പേരിൽ ഒരു ദേശത്തിന്റെ യഥാർഥ സ്വത്വം മറച്ചുവെക്കുന്ന, മുൻ സർക്കാറുകൾ ചെയ്തുകൂട്ടിയ കാപട്യങ്ങളാണിത്. ഇങ്ങനെ മതേതരത്വത്തിലൂടെ പൈതൃക കേന്ദ്രങ്ങളെ മായ്ച്ചുകളയുന്ന കാലം കഴിഞ്ഞിരിക്കുന്നു’’ -അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം, മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റി മൂന്ന് വർഷത്തിന് ശേഷം, ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി "ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ" എന്ന് പുനർനാമകരണം ചെയ്തതായി സെൻട്രൽ റെയിൽവേ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 

പുതിയ സ്റ്റേഷൻ കോഡ് 'സിപിഎസ്എൻ' എന്നായിരിക്കുമെന്ന് സെൻട്രൽ റെയിൽവേ ഒരു പ്രസ്താവനയിൽ അറിയിച്ചു. സൗത്ത് സെൻട്രൽ റെയിൽവേയുടെ നന്ദേഡ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷൻ.

ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഒക്ടോബർ 15 ന് ഒരു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഏകനാഥ് ഷിൻഡെയുടെ സർക്കാർ ഔറംഗബാദ് നഗരത്തിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്തതിനെ തുടർന്നാണ് ഈ നീക്കം. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ പേരിലാണ് നഗരത്തിന് ആദ്യം പേര് നൽകിയിരിക്കുന്നത്, എന്നാൽ ഛത്രപതി ശിവാജി മഹാരാജിന്റെ മകനും മറാത്ത രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയുമായിരുന്ന ഛത്രപതി സംഭാജിയോടുള്ള ആദരസൂചകമായാണ് പുതിയ പേര് നൽകിയിരിക്കുന്നത്.

ഹൈദരാബാദിലെ ഏഴാമത്തെ നിസാമായ മിർ ഒസ്മാൻ അലി ഖാന്റെ ഭരണകാലത്ത് 1900-ൽ ഔറംഗബാദ് റെയിൽവേ സ്റ്റേഷൻ തുറന്നു.യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായ അജന്ത ഗുഹകൾ, എല്ലോറ ഗുഹകൾ എന്നിവയുൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങളാൽ ചുറ്റപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഛത്രപതി സംഭാജിനഗർ.

Tags:    
News Summary - 'Mustafabad To Be Renamed Kabirdham': CM Yogi Slams Opposition’s ‘Secularism’ As Hypocrisy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.