ന്യൂഡൽഹി: പശ്ചിമബംഗാളിലെ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലീമിൻ. ബംഗാളിൽ 40 ശതമാനത്തിലധികം ജനങ്ങളും മുസ്‍ലിംകളാണെന്നും പാർട്ടി വ്യക്തമാക്കി. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി അറിയിച്ചിരിക്കുന്നത്.
ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർട്ടിയുടെ സുപ്രധാന അറിയിപ്പ്. മുസ്‍ലിംകൾ, ദളിതർ, ആദിവാസി വിഭാഗങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾ ഉയർത്തിപിടിച്ചാവും തെരഞ്ഞെടുപ്പിനെ നേരിടകയെന്നും പാർട്ടി വ്യക്തമാക്കി.
ഞങ്ങൾ ഇന്ന് ഒരു വൻ പ്രഖ്യാപനം നടത്തുകയാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ മത്സരിച്ചിട്ടുണ്ട്. ബംഗാളിൽ എല്ലാ സീറ്റിലും ഞങ്ങൾ മത്സരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാൾഡയിൽ ഞങ്ങൾക്ക് 60,000 വോട്ട് ലഭിച്ചിരുന്നു. മുർഷിദാബാദിൽ 25,000 വോട്ടുകളും കിട്ടിയിട്ടുണ്ടെന്നും പാർട്ടി വക്താവ് ഇംറാൻ സോളങ്കി പറഞ്ഞു.
എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ അധ്യക്ഷതയിൽ ഇതുസംബന്ധിച്ച് ചർച്ച നടത്തി. പാർട്ടിയുടെ വിപുലീകരണവും തങ്ങളുടെ അജണ്ടയിലുണ്ടെന്നും സോളങ്കി പറഞ്ഞു.തൃണമൂൽ കോൺഗ്രസ് മുസ്‍ലിംകളെ ചൂഷണം ചെയ്യുകയാണ്. ഇനിയും മുസ്‍ലിം വോട്ട് വേണമെന്നുണ്ടെങ്കിൽ തൃണമൂൽ കോൺഗ്രസ് വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത് വിടണമെന്നും സോളങ്കി ആവശ്യപ്പെട്ടു.
2011ലാണ് അവസാനമായി സെൻസെസ് നടന്നത്. ഇപ്പോൾ സെൻസസ് നടന്നാൽ പശ്ചിമബംഗാളിലെ മുസ്‍ലിം ജനസംഖ്യ 40 ശതമാനമായിരിക്കും. മുസ്‍ലിം വോട്ടുകൾ നേടിയാണ് അവർ അധികാരത്തിലെത്തിയത്. എന്നാൽ, മുസ്‍ലിം ജനതക്കായി അവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ബി.ജെ.പിയും തൃണമൂലും ഇരു പാർട്ടികളും മുസ്‍ലിംകൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.