അഹമ്മദാബാദ്: ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്ന് മുസ്‍ലിം കച്ചവടക്കാരനെ പുറത്താക്കി ഹിന്ദുത്വ സംഘടന. ഗുജറാത്ത് അഹമ്മദാബാദിലെ നരോദ പ്രദേശത്തുനിന്നാണ് ഷാജഹാൻ എന്നയാളെ ബജ്‌റംഗ് ദൾ പ്രവർത്തകൾ പുറത്താക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കാവിതലപ്പാവ് ധരിച്ച ഹിന്ദുത്വവാദികൾ കച്ചവടക്കാരനെ സമീപിച്ച് തിരിച്ചറിയൽ രേഖയും മറ്റും ചോദിക്കുന്നത് വീഡിയോയിൽ കാണാം. ആധാർ കാർഡ് നോക്കിയ ശേഷം പേര് ചോദിക്കുകയും ഷാജഹനാണെന്ന് മറുപടി പറയുമ്പോൾ ഹിന്ദുപ്രദേശത്ത് നിങ്ങൾക്ക് എന്താണ് കാര്യമെന്നും സംഘം ആരായുന്നുണ്ട്. ‘ഹിന്ദുപ്രദേശത്ത് ഹിന്ദുക്കൾക്ക് മാത്രമേ ജോലി ചെയ്യാൻ പറ്റുകയുള്ളൂ’ എന്ന് പറഞ്ഞ് അദ്ദേഹത്തെ പിന്നീട് അവിടെനിന്ന് പുറത്താക്കുകയുമായിരുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മറ്റുള്ളവരുടെ സ്റ്റാളുകൾ പാടില്ലെന്ന് ഇതര കച്ചവടക്കാരോട് പറയുന്നതും വീഡിയോയിലുണ്ട്.
സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വിവേചനപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭക്ഷണശാലകൾക്കും തെരുവ് കച്ചവട സ്റ്റാളുകൾക്കും മുന്നിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണം എന്ന ഉത്തരവ് മാസങ്ങൾക്ക് മുമ്പ് വിവാദമായിരുന്നു. കച്ചവടക്കാരുടെ മതപരമായ വ്യക്തിത്വം വെളിപ്പെടുത്തുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടു. പല മുസ്‍ലിം കച്ചവടക്കാരെയും ജോലിയിൽനിന്ന് പിരിച്ചുവിടാനും അവർക്ക് കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യവും ഇത് സൃഷ്ടിച്ചു. പിന്നീട് സുപ്രീം കോടതി ഈ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തു.
ഹിമാചൽ പ്രദേശിലെ ഷിംലയിലെ സഞ്ജൗലി മേഖലയിൽ ഒരു പള്ളി നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ, അവിടുത്തെ പ്രാദേശിക ഹിന്ദുത്വ സംഘടനകൾ റോഡരികിൽ കച്ചവടം ചെയ്യുന്ന മുസ്‍ലിം കുടിയേറ്റക്കാരെ അവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി. മുസ്‍ലിം കച്ചവടക്കാർ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പലയിടത്തും പ്രതിഷേധങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.