തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട, രണ്ടാംഘട്ട പോളിങ് വെള്ളിയാഴ്ചയായതിനാൽ വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന പരാതിയുമായി മുസ്‍ലിം സംഘടനകൾ. വിശ്വാസികളായ വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും ജുമുഅ നമസ്കാരത്തിന് പ്രയാസമാകുമെന്നാണ് പരാതി. ഏഴ് ഘട്ടങ്ങളായുള്ള പോളിങ്ങിൽ ഏപ്രിൽ 19ന് നടക്കുന്ന ഒന്നാം ഘട്ടവും ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ടവുമാണ് വെള്ളിയാഴ്ച വരുന്നത്. പോളിങ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.
സമസ്ത യുവജന വിഭാഗം, ഇന്ത്യൻ നാഷനൽ ലീഗ്, സമസ്ത കാന്തപുരം വിഭാഗം തുടങ്ങിയവർ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി. എന്നാൽ, പ്രമുഖ പാർട്ടികൾ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്ച ന്യൂനപക്ഷ മേഖലകളിൽ പോളിങ് കുറയാനിടയാക്കുമെന്ന ആശങ്കയാണ് പാർട്ടികൾ പ്രകടിപ്പിക്കുന്നത്. പ്രത്യേക താൽപര്യപ്രകാരമുള്ള തീരുമാനമാകാം ഇതെന്ന സംശയവും ഇവർ മുന്നോട്ടുവെക്കുന്നു.
തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് പൂർണമായി പങ്കെടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്ന് മുസ്‍ലിം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. ജനസംഖ്യയുടെ 30 ശതമാനത്തോളം മുസ്‌ലിംകളുള്ള കേരളവും ഇതിൽപെടും. തെരഞ്ഞെടുപ്പ് മറ്റൊരു തീയതിയിലേക്ക് മാറ്റാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്നും കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ സമ്മർദം ചെലുത്തണമെന്നും സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.
മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ടി.പി. അബ്ദുല്ലക്കോയ മദനി, പി. മുജീബ് റഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ. അബ്ദുല്ലത്തീഫ് മദനി, എ. നജീബ് മൗലവി, ഡോ. ഇ.കെ. അഹമദ് കുട്ടി, ഡോ. പി. ഉണ്ണീൻ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഹുസൈൻ മടവൂർ, ടി.കെ. അഷ്റഫ്, പ്രഫ എ.കെ. അബ്ദുൽ ഹമീദ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ, ഇ.പി. അഷ്റഫ് ബാഖവി, എൻജി. പി. മമ്മത് കോയ എന്നിവരാണ് ഒപ്പുവെച്ചത്. ഏപ്രിൽ 26ലെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് എ. ജാഫർ എന്നിവർ ആവശ്യപ്പെട്ടു. പോളിങ് വെള്ളിയാഴ്ചനിശ്ചയിച്ചത് മനഃപൂർവമാണോയെന്ന് സംശയിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ജനാധിപത്യ പ്രക്രിയയില്‍നിന്ന് മുസ്‍ലിംകളെ മാറ്റിനിര്‍ത്താന്‍ ഗൂഢശ്രമമാണ് നടക്കുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‍വ സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.