1. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മണിപ്പൂരിലെത്തിയ മുസ്‌ലിംലീഗ് പ്രതിനിധി സംഘം അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കുന്നു 2. ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തുന്നു

മണിപ്പൂരിൽ സമാധാന ദൂതുമായി മുസ്‌ലിംലീഗ് സംഘം

ഇംഫാൽ: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സമാധാന ദൂതുമായി മുസ്‌ലിംലീഗ് സംഘം മണിപ്പൂരിലെത്തി. തിങ്കളാഴ്ച ഉച്ചക്കാണ് മുസ്‌ലിംലീഗ് നേതാക്കൾ ഇംഫാലിൽ വിമാനമിറങ്ങിയത്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച നേതാക്കൾ മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയുമായും ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തി.

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച സംഘം അഭയാർഥികളുടെ ദുരിത ജീവിതം നേരിൽക്കാണുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. മാസങ്ങളായി അനുഭവിക്കുന്ന വേദനകൾ കരച്ചിലോടെയാണ് അന്തേവാസികൾ മുസ്‍ലിംലീഗ് സംഘത്തിന് മുമ്പിൽ വിശദീകരിച്ചത്. അഭയാർഥി ബാഹുല്യം കൊണ്ട് ദുസ്സഹമായ അവസ്ഥയിലാണ് ക്യാമ്പുകൾ. ഭക്ഷണം, ശുദ്ധജലം എന്നിവക്കെല്ലാം പ്രയാസപ്പെടുകയാണ്. ക്യാമ്പിലെ ജീവിതം അവസാനിച്ചാലും മടങ്ങിപ്പോകാൻ വീടും കുടുംബവും ബാക്കിയില്ലാത്തവരുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരും വീട് കത്തിച്ചാമ്പലായവരുമടക്കം ജീവിത ദുരിതങ്ങളെക്കുറിച്ച് പറയുമ്പോൾ പൊട്ടിക്കരഞ്ഞു.

ക്യാമ്പുകൾ സന്ദർശിച്ച ശേഷം ഇംഫാലിലെ ബിഷപ്പ് ഹൗസിൽ പോയി. ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായി ഒന്നര മണിക്കൂറോളം നേതാക്കൾ ചർച്ച നടത്തി. എല്ലാവരെയും ഒന്നിപ്പിക്കാനും സ്‌നേഹത്തിന്റെയും സഹജീവിതത്തിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും എല്ലാ വിധ സഹായവും നൽകുമെന്ന് സാദിഖലി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ ആവലാതികളും ആവശ്യങ്ങളും മുസ്‌ലിംലീഗ് സംഘം കേട്ടറിഞ്ഞു.

പിന്നീട് മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ദുരിതബാധിതരെ നിയമപരായി സഹായിക്കേണ്ടത് സംബന്ധിച്ചും സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും മുസ്‍ലിംലീഗ് സംഘം ഗവർണറുമായി സംസാരിച്ചു. ചൊവ്വാഴ്ച പ്രധാന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ക്യാമ്പുകളിലെ പരിതാപകരമായ അവസ്ഥ അവരെ അധികാരികൾക്ക് മുന്നിലെത്തിക്കും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും പൗരന്മാരുടെ സ്വസ്ഥജീവിതം ഉറപ്പാക്കാനും മുസ്‍ലിംലീഗ് എല്ലാ സഹായവും നൽകുമെന്ന് നേതാക്കൾ അറിയിച്ചു.


Tags:    
News Summary - Muslim League team visits Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.