ഉത്തരകാശിയിലെ മുസ്‍ലിം പലായനം: വീടുവിട്ട് ഓടേണ്ടിവന്നവരിൽ ബി.ജെ.പി ന്യൂനപക്ഷ സെൽ നേതാക്കളും

വാരാണസി: ഉത്തരകാശിയിലെ പുരോലയിൽ മുസ്‍ലിംകൾക്കെതിരായ സംഘ്പരിവാർ പ്രചാരണത്തിൽ വീടും കച്ചവടവും നഷ്ടപ്പെട്ട് ഓടേണ്ടിവന്നവരിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാക്കളും. പട്ടണം പൂർണമായി മുസ്‍ലിം മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ തുടരുന്ന കാമ്പയിനിലാണ് പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിച്ചുവന്ന മുസ്‍ലിം കുടുംബങ്ങൾ കൂട്ടമായി നാടുവിടേണ്ടിവന്നത്. ഇവരിൽ പലരും ഏറെയായി പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയവരും ന്യൂനപക്ഷ മോർച്ച നേതാക്കളുമായിരുന്നുവെന്ന് ‘ദ വയർ’ റിപ്പോർട്ട് പറയുന്നു.

ഉത്തരകാശി ജില്ലയിൽ നാലു തവണ സംഘടനയുടെ പ്രസിഡന്റായിരുന്ന സോനു മീർ അതിലൊരാളാണ്. സംഭവിക്കുന്നത് കണ്ട് ഓടിരക്ഷപ്പെടുകയല്ലാതെ മറ്റു വഴികളില്ലായിരുന്നുവെന്ന് 200 കിലോമീറ്റർ അകലെ ഇപ്പോൾ കഴിയുന്ന സ്ഥലത്തിരുന്ന് മീർ പറഞ്ഞു. സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും അതുണ്ടായിരുന്നെങ്കിൽ കിടപ്പാടം നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 21 വർഷമായി പാർട്ടിയിൽ തുടരുന്ന മീർ ഉത്തരാഖണ്ഡ് ബി.ജെ.പിയിൽ പല പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് ആയ മുഹമ്മദ് സാഹിദ് മാലികും രാത്രിയിൽ നാടുവിടേണ്ടിവന്നയാളാണ്. 30 വർഷത്തിനിടെ ഇതുപോലൊന്ന് ആദ്യ സംഭവമാണെന്നും മുസ്‍ലിംകൾ എന്ന പേരുമാറ്റി ഇപ്പോൾ ജിഹാദികൾ എന്നാണ് വിളിക്കുന്നതെന്നും മാലിക് പറഞ്ഞു.

പുരോലക്ക് സമാനമായി സമീപത്തെ ബർകോട്ട് പട്ടണത്തിലും ബജ്റംഗ്ദളിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണങ്ങളിൽ മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള 30-40 കടകളാണ് തകർക്കപ്പെട്ടത്. ഇവിടെ നിന്നും കൂട്ട പലായനം നടന്നു. പലർക്കും വിശപ്പകറ്റാനുള്ള വസ്തുക്കൾപോലും ലഭിക്കാതെ പ്രയാസത്തിലാണെന്ന് പലായനം ചെയ്തവരിൽ ഒരാളായ മുഹ്സിൻ ഖാൻ പറഞ്ഞു. പുരോലയിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന റാലികൾ ഇപ്പോഴും ന്യൂനപക്ഷങ്ങളിൽ ഭീതിവിതക്കുന്നതാണെന്ന് ‘ദ വയർ’ റിപ്പോർട്ട് പറയുന്നു.

Tags:    
News Summary - Muslim exodus in Uttarkashi: BJP minority cell leaders among those who had to flee their homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.