പ്രിയപ്പെട്ട നിർമലാ, ഒരു മുസ്‍ലിമിനെപോലും ഭരണപങ്കാളിയാക്കാതെ ഇവിടെ വിവേചനം ഇല്ലെന്ന് പറയരുത് -സുധ മേനോൻ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‍ലിംകൾ വിവേചനത്തിന് ഇരയാകുന്നുവെന്ന വസ്തുത നിഷേധിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി എഴുത്തുകാരി സുധ മേനോൻ. ഒരു മുസ്‍ലിമിനെപ്പോലും ഭരണത്തിൽ പങ്കാളി ആക്കാതെ വിദേശ രാജ്യങ്ങളിലെ വേദികളിലിരുന്ന് ഇവിടെ യാതൊരു വിവേചനവും ഇല്ലെന്നു പറയരുതെന്ന് അവർ ആവശ്യപ്പെട്ടു.

മുസ്‍ലിം ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണെന്നും ഇന്ത്യയിൽ 2014 ന് ശേഷം ഇതുവരെ മുസ്‍ലിം ജനസംഖ്യ കുറഞ്ഞിട്ടി​ല്ലെന്നുമാണ് അമേരിക്കയിലെ പീറ്റേഴ്സൻ ഇൻസ്റ്റിറ്റ്യൂ​ട്ട് ഓഫ് ഇന്റർനാഷനൽ എക്കണോമിക്സിന്റെ പരിപാടിയിൽ പങ്കെടുത്ത് നിർമല പറഞ്ഞത്. മുസ്‍ലിംകൾക്ക് നേരെയുള്ള അക്രമങ്ങളിലും വിവേചനത്തിലും ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ ഇക്കാര്യം മനസിലാക്കണം എന്നും അവർ പറഞ്ഞു. ഇതിന് മറുപടിയുമായാണ് സുധ രംഗത്തുവന്നത്.

‘ഏകദേശം 17.2 കോടി മുസ്‍ലിംകള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്. ജനസംഖ്യയുടെ 14.2 ശതമാനം. പ്രിയപ്പെട്ട നിർമലാ സീതാരാമൻ, തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്തെ യൂണിയന്‍ ക്യാബിനറ്റില്‍, നിങ്ങൾ കൂടി അംഗമായ മന്ത്രിമാരുടെ കൂട്ടത്തിൽ, ഈ പതിനേഴുകോടി മനുഷ്യരില്‍ ഒരാള്‍ പോലുമില്ല എന്ന പരമസത്യം എന്നെങ്കിലും നിങ്ങളെ അലട്ടിയിട്ടുണ്ടോ? ആ പരമസത്യത്തെയാണ് ജനാധിപത്യമനുഷ്യർ വിവേചനം എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ പോലും ബിജെപിക്ക് ഒരു മുസ്ലിം എംഎല്‍എ ഇല്ല. ബിജെപി ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല’ -സുധ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, അമേരിക്കയിലെ Peterson Institute of International Economics ന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്, മുസ്ലിം ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്ത് ആണെന്നും, മുസ്ലിങ്ങളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാണ്. മുസ്ലിങ്ങൾക്ക് നേരെയുള്ള അക്രമങ്ങളിലും വിവേചനത്തിലും ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ '2014 ന് ശേഷം ഇതുവരെയും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ കുറഞ്ഞിട്ടില്ല' എന്ന് മനസിലാക്കണം എന്നുകൂടി അവർ പറഞ്ഞു. നേരെ മറിച്ച്, ഇന്ത്യയോടൊപ്പം രൂപമെടുത്ത പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുകയാണെന്നും കൂടി നിർമലാ സീതാരാമൻ വിശദീകരിച്ചു.

മുസ്ലിം ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്ത് ആണെന്നത് ശരിയാണ്. പക്ഷെ, എന്റെ അറിവിൽ ഇന്ത്യയിലെ അവസാനത്തെ സെൻസസ് നടന്നത് 2011ൽ ആണ്. പിന്നെ എന്തടിസ്ഥാനത്തിൽ ആണ് 2014 മുതലുള്ള മതം തിരിച്ചുള്ള ജനസംഖ്യാ കണക്കുകൾ അവർ ആധികാരികമായി പറയുന്നത്? അങ്ങനെ മതം തിരിച്ചുള്ള 2014 മുതലുളള ജനസംഖ്യാ കണക്കുകൾ എവിടെയാണ് ഉള്ളത്? ആരാണ് നടത്തിയത്?

ഇനി രണ്ടാമത്തെ കാര്യം. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ അവസ്ഥയെ മതരാഷ്ട്രമായ പാക്കിസ്ഥാനുമായി താരതമ്യം ചെയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ഇന്ത്യ ഒരു 'ഹിന്ദു പാക്കിസ്ഥാൻ ' ആയിരുന്നില്ലല്ലോ ഒരു കാലത്തും. താരതമ്യത്തിന് എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അവർ മറ്റ് മതേതര രാഷ്ട്രങ്ങളുമായിട്ടല്ലേ ഇന്ത്യയെ ചേർത്ത് വെക്കേണ്ടത്? അല്ലാതെ ജനാധിപത്യം ചിതലെടുത്തു പോയ മതരാഷ്ട്രമായ പാകിസ്ഥാനുമായിട്ടാണോ ഇന്ത്യ ഇക്കാര്യത്തിൽ മത്സരിക്കുന്നത്? കഷ്ടം!

എന്തായാലും, ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് ബഹുമാന്യയായ ധനകാര്യമന്ത്രി അംഗീകരിക്കുന്നുണ്ടല്ലോ. ശരിയാണ്. ഏകദേശം 17.2 കോടി മുസ്ലിങ്ങള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്. ജനസംഖ്യയുടെ 14.2 ശതമാനം.

പക്ഷേ, പ്രിയപ്പെട്ട നിർമലാ സീതാരാമൻ, തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്തെ യുണിയന്‍ ക്യാബിനറ്റില്‍, നിങ്ങൾ കൂടി അംഗമായ മന്ത്രിമാരുടെ കൂട്ടത്തിൽ, ഈ പതിനേഴുകോടി മനുഷ്യരില്‍ ഒരാള്‍ പോലുമില്ല എന്ന പരമസത്യം എന്നെങ്കിലും നിങ്ങളെ അലട്ടിയിട്ടുണ്ടോ? ആ പരമസത്യത്തെയാണ് ജനാധിപത്യമനുഷ്യർ വിവേചനം എന്ന് വിളിക്കുന്നത്. ഈ പതിനേഴുകോടി മനുഷ്യർക്കും സമാനരായ മറ്റു ന്യുനപക്ഷങ്ങൾക്കും ന്യായമായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തേണ്ട കടമ ഒരു ജനായത്ത സർക്കാരിന് ഇല്ലേ? അക്കാര്യത്തിൽ എന്താണ് സബ്‌കാ സാത് സബ്‌കാ വികാസ് എന്ന് വിളംബരം ചെയുന്നവർക്ക്‌ പറയാനുള്ളത്.

1947ന് ശേഷം ആദ്യമായാണ് ഒരൊറ്റ മുസ്ലിം മന്ത്രിപോലും ഇല്ലാത്ത സര്‍ക്കാര്‍ നമ്മെ ഭരിക്കുന്നത്. മാത്രമല്ല, ലോക്സഭയുടെ ട്രെഷറിബെഞ്ചില്‍ ഒരൊറ്റ മുസ്ലിം അംഗം പോലുമില്ലാത്തതും ചരിത്രത്തില്‍ ആദ്യമാണ്. ഗുലാംഅലി ഖടാന എന്ന മുസ്ലിം നേതാവിനെ അടുത്തിടെ ബിജെപി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതുകൊണ്ട് പാര്‍ലമെന്റില്‍ പേരിനൊരു മുസ്ലിം ഉണ്ടായി എന്ന് പറയാം.

ഓർക്കണം, ഒന്നാം യുപിഎയിൽ ഏഴും രണ്ടാം യുപിഎയിൽ അഞ്ചും മുസ്ലിം മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇപ്പോൾ ബിജെപിയെ പുകഴ്ത്താൻ മത്സരിക്കുന്ന ഗുലാം നബി ആസാദ് അടക്കം!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ പോലും ബിജെപിക്ക് ഒരു മുസ്ലിം എംഎല്‍എ ഇല്ല. ഡാനിഷ് അന്‍സാരി എന്ന യുപിയിലെ ഏക മുസ്ലിം മന്ത്രി നാമനിര്‍ദേശം ചെയ്യപ്പെട്ട എംഎല്‍സി മാത്രമാണ്. ബിജെപി ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

ഭൂരിപക്ഷവംശീയജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയില്‍ നിന്നും ന്യുനപക്ഷങ്ങളുടെ നീതിയുക്തമായ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ, ഒരു മുസ്ലിമിനെപ്പോലും ഭരണത്തിൽ പങ്കാളി ആക്കാതെ വിദേശ രാജ്യങ്ങളിലെ വേദികളിൽ ഇരുന്ന് ഇവിടെ യാതൊരു വിവേചനവും ഇല്ലെന്നു പറയരുത്. രാഹുൽ ഗാന്ധിയുടെ ഓരോ വാക്കും ഓഡിറ്റ്‌ ചെയ്യാൻ മത്സരിക്കുന്ന മാധ്യമങ്ങൾ എന്ത് കൊണ്ടാണ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്??

Tags:    
News Summary - Muslim Discrimination: Sudha menon against Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.