കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടർന്ന് അക്രമമുണ്ടായ മുർഷിദാബാദ് ജില്ലയിലെ ക്രമസമാധാന നില നിയന്ത്രണ വിധേയമാണെന്ന് പശ്ചിമ ബംഗാൾ സർക്കാർ കൊൽക്കത്ത ഹൈകോടതിയെ അറിയിച്ചു. മുർഷിദാബാദിലെ കേന്ദ്ര സായുധ പൊലീസ് സേന വിന്യാസം കൂടുതൽ സമയത്തേക്ക് നീട്ടണമെന്ന ആവശ്യം കോടതി വിധി പറയാൻ മാറ്റി. അക്രമം എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാർ ക്രമസമാധാന നിലയെക്കുറിച്ച് അറിയിച്ചത്. അക്രമം അടിച്ചമർത്താൻ പൊലീസും ഭരണകൂടവും മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിൽ 17 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമീഷൻ, സംസ്ഥാന മനുഷ്യാവകാശ കമീഷൻ, സംസ്ഥാന നിയമ സേവന അതോറിറ്റി എന്നിവയിൽനിന്നുള്ള ഓരോ അംഗം ഉൾപ്പെടുന്ന മൂന്നംഗ പാനൽ പ്രദേശങ്ങൾ സന്ദർശിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനും അക്രമം മൂലം കുടിയിറക്കപ്പെട്ട ആളുകളുടെ പുനരധിവാസത്തിനും മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദേശിച്ചു. അക്രമത്തിൽ കുടിയിറക്കപ്പെട്ട ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് മറ്റൊരു ഹരജിക്കാരൻ ആവശ്യപ്പെട്ടു. അതിനിടെ, ഗവർണർ സി.വി. ആനന്ദബോസ് വെള്ളിയാഴ്ച മുർഷിദാബാദ് ജില്ല സന്ദർശിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.
കൊൽക്കത്ത: ഹിന്ദുക്കൾ വീട്ടിൽ ആയുധം കരുതണമെന്ന വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പൊതു റാലിയിൽ മുർഷിദാബാദ് അക്രമത്തെക്കുറിച്ച് സംസാരിക്കവെയാണ് പരാമർശം. പ്രസംഗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരാമർശം പ്രകോപനപരമാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കലാപമായി മാറിയപ്പോൾ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ ഇൻസാമുൽ ഹഖ് അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവർ മൂന്നായി. കലു നവാബ്, ദിൽദാർ നവാബ് എന്നീ സഹോദരങ്ങളാണ് മുമ്പ് അറസ്റ്റിലായത്. ഹരഗോബിന്ദോ ദാസ് (72), മകൻ ചന്ദൻ (40) എന്നിവരെയാണ് വീടിന് മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.