1. നേഹ പിതാവ് നിരഞ്ജൻ ഹിരേമതിനൊപ്പം 2. പ്രതി ഫയാസ്
ബംഗളൂരു: ഹുബ്ബള്ളിയിൽ കോൺഗ്രസിന്റെ കോർപറേഷൻ കൗൺസിലറുടെ മകൾ കോളജ് കാമ്പസിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി. വെള്ളിയാഴ്ച ബി.ജെ.പി നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം അരങ്ങേറി.
വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും സംഭവത്തിൽ ലവ് ജിഹാദ് ആരോപിച്ച് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും രംഗത്തുവരികയായിരുന്നു.
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതായും ബി.ജെ.പി കുറ്റപ്പെടുത്തി. സംഭവത്തിന്റെ പേരിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വർഗീയ മുതലെടുപ്പാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഹുബ്ബള്ളി ബി.വി.ബി കോളജിലെ വിദ്യാർഥിനി നേഹ ഹിരേമതിനെ (23) കോളജ് പൂർവവിദ്യാർഥിയായ മുഹമ്മദ് ഫയാസ് എന്ന യുവാവ് വ്യാഴാഴ്ച കാമ്പസിൽ കുത്തിക്കൊലപ്പെടുത്തിയതാണ് സംഭവം.
ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപറേഷൻ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകളാണ് നേഹ. പെൺകുട്ടിക്ക് നിരവധിതവണ കുത്തേറ്റു. സംഭവശേഷം രക്ഷപ്പെട്ട പ്രതി മുനവള്ളി സ്വദേശി ഫയാസ് ഒരു മണിക്കൂറിനകം അറസ്റ്റിലായി. കൊല്ലപ്പെട്ട നേഹയുടെ വീട് മന്ത്രി സന്തോഷ് ലാഡും എം.എൽ.എ പ്രസാദ് അബയ്യയും സന്ദർശിച്ചു.
വെള്ളിയാഴ്ച ഹിന്ദു ജാഗരൺ വേദികെ, ശ്രീരാമസേന, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകൾ ഹുബ്ബള്ളിയിലെ കോളജിന് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കോളജിന്റെ സുരക്ഷക്കായി സേനയെ വിന്യസിച്ചു. പ്രതിയുടെ കുടുംബത്തെ അവരുടെ സുരക്ഷക്കായി ബെളഗാവി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ ഒരു മണിക്കൂറിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഫയാസിന്റെ സ്വദേശമായ മുനവള്ളിയിൽ ക്രൂരമായ കൊലപാതകത്തെ അപലപിച്ച് മൂന്ന് ദിവസത്തെ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. നേഹയുടെ മൃതദേഹം സംസ്കരിക്കുന്നയിടത്തും പ്രതിഷേധം അരങ്ങേറി.
സംസ്കാര ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച നിരഞ്ജൻ ഹിരേമത് ‘ലവ് ജിഹാദ്’ വ്യാപകമാവുന്നുവെന്ന ആരോപണമുയർത്തി. ‘ഞാനിത് പറയാൻ പാടില്ല, എന്നാൽ, ‘ലവ് ജിഹാദ്’ വ്യാപകമാവുകയാണ്. ഇത്തരം സംഭവങ്ങൾ നടക്കുന്നതിന് നമ്മൾ സാക്ഷികളാണ്. എനിക്കെന്റെ മകളെ നഷ്ടമായി. നാളെ മറ്റൊരു പാവത്തിന്റെ മകൾക്ക് ഈ ഗതി വരരുത്. ഒരു മകളും മകനുമാണ് എനിക്കുള്ളത്.
ഏറെ സ്നേഹം നൽകിയാണ് അവളെ വളർത്തിയത്. ഇതെന്റെ നിർഭാഗ്യമാണ്. എനിക്കെന്റെ മകളെ നഷ്ടമായി. എല്ലാ രക്ഷിതാക്കളും പെൺമക്കൾക്ക് കോളജിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് തിരക്കണം’ -നിരഞ്ജൻ നിറകണ്ണുകളോടെ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ലവ് ജിഹാദില്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. നേഹയും ഫയാസും പരസ്പരം അറിഞ്ഞുള്ള ബന്ധത്തിലായിരുന്നെന്നും ലവ് ജിഹാദല്ലെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും പ്രതികരിച്ചു. കേസിൽ വിശദാന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരു: കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഹുബ്ബള്ളി സംഗേശ്വർ ഹൈവേയിൽ വെള്ളിയാഴ്ച ഹിന്ദു, മുസ്ലിം നേതാക്കൾ നയിച്ച മതമൈത്രി റാലി സംഘടിപ്പിച്ചു.
സംഘ്പരിവാർ ‘ലവ് ജിഹാദ്’ ആരോപണം ഉയർത്തി സംഭവം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ഐക്യറാലി നടത്തിയത്. എം.സി.എ വിദ്യാർഥിനി നേഹയെ കൊലപ്പെടുത്തിയ വിദ്യാർഥിയെ മതം നോക്കി പിന്തുണക്കുന്ന ശൈലി മുസ്ലിം സമുദായത്തിനില്ലെന്ന് അൻജുമൻ ധാർവാഡ്, അഞ്ജുമൻ-ഇ-ഇസ്ലാം ഹുബ്ബള്ളി നേതാക്കൾ റാലിയിൽ പറഞ്ഞു.
അക്രമിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇരു സംഘടനകളും മുഖ്യമന്ത്രിക്ക് കത്ത് നൽകി. നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.