പഞ്ചാബിൽ എ.എ.പിക്ക് കനത്ത തിരിച്ചടി; മൂന്ന് എം.എൽ.എമാർ രാജി വെച്ച് ബി.ജെ.പിയിൽ ചേർന്നു

ഛണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്ന് മൂന്ന് എം.എൽ.എമാരാണ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയാണ് നേതാക്കൾ രാജിവെച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയുള്ള കൂട്ടരാജി എ.എ.പിക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ഹർമീത് സിങ് പഠാൻമജ്ര, ചേതൻ സിങ് ജൗരമജ്ര, കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് തിങ്കളാഴ്ച ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തി പാർട്ടിയിൽ ചേർന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രവേശനം. ബി.ജെ.പി സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് നേതാക്കൾ പാർട്ടി ആസ്ഥാനത്തെത്തിയത്.

നേതാക്കളിൽ രണ്ട് പേർ ഞായറാഴ്ചയാണ് എ.എ.പിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. അമൃത്സർ നോർത്ത് എം.എൽ.എയായിരുന്ന കുൻവർ വിജയ് പ്രതാപ് സിങ് തിങ്കളാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ഇതോടൊപ്പം നിയമസഭാ അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക എ.എ.പി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. എന്നാൽ, പഠാൻമജ്രയുടെയും ജൗരമജ്രയുടെയും മണ്ഡലങ്ങളായ സനൗറിലും സമാനയിലും സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചിരുന്നില്ല. പകരം രണ്ട് മണ്ഡലങ്ങളിലും പുതിയ ചുമതലക്കാരെ നിയമിക്കുകയായിരുന്നു. ഇതോടെ അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് സീറ്റ് ലഭിക്കില്ലെന്ന ആശങ്ക നേതാക്കൾക്കിടയിൽ ശക്തമായെന്നും പറയപ്പെടുന്നു.

അതേസമയം, ദേശീയതലത്തിൽ ഏറെ പ്രാധാന്യമുള്ളതിനാൽ പഞ്ചാബിൽ ബി.ജെ.പി അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തിന് വലിയ മാറ്റമുണ്ടാകുമെന്നാണ് പഠാൻമജ്ര പറയുന്നത്. പഞ്ചാബിനെ ലഹരിമുക്തമാക്കാനുള്ള ബി.ജെ.പിയുടെ പ്രതിബദ്ധതയും തന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഹരിവിരുദ്ധ നടപടികളെ സംബന്ധിച്ച് നടത്തിയ പ്രഖ്യാപനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയാൽ പഞ്ചാബിന്റെ കടബാധ്യത കുറയ്ക്കാനും വികസനം ഉറപ്പാക്കാനും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും പഠാൻമജ്ര പറഞ്ഞു. 2027ലെ തെരഞ്ഞെടുപ്പിൽ സനൗർ മണ്ഡലത്തിൽനിന്ന് തന്നെ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

പാർട്ടി വിട്ടതിന് പിന്നാലെ എ.എ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് പഠാൻമജ്രയും ജൗരമജ്രയും രംഗത്തെത്തിയത്. ഡൽഹി കേന്ദ്രീകരിച്ചുള്ള നേതാക്കൾ, പ്രത്യേകിച്ച് അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ അടുത്ത അനുയായി ബിഭവ് കുമാറും പഞ്ചാബിന്റെ ഭരണകാര്യങ്ങളിൽ ഇടപെടുകയാണെന്ന് ഇരുവരും ആരോപിച്ചു. സംസ്ഥാന സർക്കാറിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. അഴിമതി, കുറ്റകൃത്യങ്ങൾ, പിടിച്ചുപറി, ഗുണ്ടാസംഘങ്ങളുടെ അക്രമം, കൊലപാതകങ്ങൾ എന്നിവ സംസ്ഥാനത്ത് വർധിക്കുകയാണെന്നും സർക്കാർ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും നേതാക്കൾ ആരോപിച്ചു. പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നാണ് അവരുടെ വിമർശനം.

അതേസമയം, നേതാക്കൾ പാർട്ടിവിട്ട സംഭവത്തെ വിമർശിച്ച് എ.എ.പി സംസ്ഥാന അധ്യക്ഷൻ അമൻ അറോറ രംഗത്തെത്തി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടവരെ ബി.ജെ.പി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. അഴിമതിയിലോ പഞ്ചാബിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലോ ഏർപ്പെട്ട നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ എ.എ.പി മടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഠാൻമജ്രക്കെതിരായ ബലാത്സംഗക്കേസും അറോറ പരാമർശിച്ചു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് മാറിയത് പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    
News Summary - Punjab AAP Leaders Join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.