ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ 

ഡൽഹിയെ ഞെട്ടിച്ച് പൊലീസുകാരു​ടെ പ്രതിഷേധം; സ്ഥലംമാറ്റത്തിനെതിരെ പൊലീസുകാർ തെരുവിൽ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് സ്ഥലംമാറ്റത്തിനെതി​രെ ഡൽഹിയിൽ പൊലീസുകാരു​ടെ പരസ്യ പ്രതിഷേധം. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധിച്ചാണ് ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാർ പ്രതിഷേധിച്ചത്.

തിങ്കളാഴ്ച രാവിലെ ഡൽഹി പൊലീസ് ആസ്ഥാനത്തിന്റെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എൺപതോളം പൊലീസ് ഉദ്യോഗസ്ഥർ ആസ്ഥാനത്തിന് മുന്നിലെ നടപ്പാതയിൽ ഒത്തുകൂടി പ്രതിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാർ വഴങ്ങിയില്ല.

പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ ന്യൂഡൽഹി ഡെപ്യൂട്ടി പൊലീസ് കമീഷണർ സച്ചിൻ ശർമ സ്ഥലത്തെത്തി. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായ അസിസ്റ്റന്റ് പൊലീസ് കമീഷണർ (എ.സി.പി) മാനസ്വി വസിഷ്ഠയുമായി അദ്ദേഹം സംസാരിച്ചു. പ്രതിഷേധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട സച്ചിൻ ശർമ, പൊലീസ് സേനയുടെ അച്ചടക്കം പാലിക്കണമെന്നും സാധാരണ പ്രതിഷേധക്കാരെപ്പോലെ പെരുമാറരുതെന്നും ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.

ചർച്ചക്കായി ഏതാനും പൊലീസുകാരോട് ആസ്ഥാനത്തിനുള്ളിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. പൊലീസ് കമീഷണർ നേരിട്ടെത്തി തങ്ങളുടെ പരാതികൾ കേൾക്കണമെന്നും ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിനായി ചർച്ച വിളിച്ചുചേർക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ, പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാനോ അവരുടെ പരാതികളോട് പ്രതികരിക്കാനോ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാരും ആസ്ഥാനത്തിന് പുറത്തേക്ക് എത്തിയില്ല.

പ്രതിഷേധത്തിന് പിന്നിൽ അഭിഭാഷകനുമായുള്ള സംഘർഷം

ഒക്ടോബർ 23ന് ഷഹ്ദാര പൊലീസ് സ്റ്റേഷനിലുണ്ടായ സംഘർഷമാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് സ്റ്റേഷനിലുണ്ടായ വാക്കേറ്റത്തിനും ഉന്തുംതള്ളിനുമിടെ അഭിഭാഷകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് ഗാന്ധി നഗർ സബ് ഡിവിഷനിൽ ജോലി ചെയ്തിരുന്ന എ.സി.പി മാനസ്വി വസിഷ്ഠയെയും ഷഹ്ദാര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അരുൺ കുമാറിനെയും സ്ഥലംമാറ്റുകയായിരുന്നു.

അഭിഭാഷകന് പരിക്കേറ്റ സംഭവത്തിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോടതികളിലെ അഭിഭാഷകർ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെ തുടർന്ന് ഒക്ടോബർ 28ന് അഭിഭാഷകർ സമരം പിൻവലിച്ചു.

ഈ സ്ഥലംമാറ്റ നടപടി ഡൽഹി പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായി. നടപടി പുനഃപരിശോധിക്കണമെന്നും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരെ പഴയ തസ്തികകളിൽ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട ഇവർ, പൊലീസ് കമീഷണറെ നേരിൽ കാണാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു.

സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും പഴയ തസ്തികകളിൽ പുനർനിയമനം ആവശ്യപ്പെടുന്നതിനുമായി തിങ്കളാഴ്ച രാവിലെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഒത്തുകൂടണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ ഡൽഹി പൊലീസിന്റെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്ത് എത്തുന്നത് തടയണമെന്ന് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണർമാർക്കും വിവിധ യൂനിറ്റ് മേധാവികൾക്കും അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾക്കിടയിലും നിരവധി ഉദ്യോഗസ്ഥർ പ്രതിഷേധത്തിനായി ഒത്തുകൂടുകയായിരുന്നു.

അതേസമയം, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിങ് സന്ധു പൊലീസ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രതിഷേധം. കിങ്സ്‌വേ ക്യാമ്പിലെ ഉത്സവ് സദനിൽ വൈകീട്ട് നാലിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കോൺസ്റ്റബിൾ മുതൽ ഇൻസ്പെക്ടർ വരെയുള്ള റാങ്കുകളിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.

Tags:    
News Summary - Delhi police protest against transfers, take to streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.