ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ ട്രേഡ് മാർക്കായി അനുവദിക്കാൻ അപേക്ഷയുമായി റിലയൻസ്. വിദ്യാഭ്യാസ-വിനോദ സേവനങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസ് 41ന് കീഴിൽ ചരക്ക് സേവന വിഭാഗത്തിലാണ് രജിസ്ട്രേഷൻ ആവശ്യപ്പെട്ടത്. റിലയൻസിനു പുറമെ, ഇതേ ആവശ്യമുന്നയിച്ച് മുംബൈ നിവാസിയായ മുകേഷ് ചേത്രാം അഗർവാൾ, വിരമിച്ച ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ ഗ്രൂപ് ക്യാപ്റ്റൻ കമാൽ സിങ് ഒബർ, ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ അലോക് കോത്താരി എന്നിവരും അപേക്ഷ നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 10.42 നും വൈകീട്ട് 6.27 നും ഇടയിലാണ് അപേക്ഷകൾ നൽകിയിരിക്കുന്നത്. ഏപ്രിൽ 22ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപറേഷന്റെ പേര് ചർച്ചയാവുന്നതിനിടെയാണ് ഇത് ട്രേഡ് മാർക്കായി സ്വന്തമാക്കാനുള്ള ശ്രമവും ശക്തമായത്.
വാർത്ത വിവാദമായതിനു പിന്നാലെ, വ്യാഴാഴ്ച അപേക്ഷ പിൻവലിച്ചതായി കാണിച്ച് റിലയൻസ് വാർത്തക്കുറിപ്പിറക്കി. റിലയൻസ് ജിയോയുടെ വിനോദ വിഭാഗമായ ജിയോ സ്റ്റുഡിയോയുടെ കീഴിൽ സമർപ്പിച്ച അപേക്ഷ ആഭ്യന്തര അവലോകത്തിനു ശേഷമാണ് പിൻവലിച്ചത്. ജൂനിയർ ഉദ്യോഗസ്ഥൻ അബദ്ധത്തിൽ, അംഗീകാരമില്ലാതെ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഭീകരത എന്ന തിന്മക്കെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ ധീരരായ സായുധ സേനയുടെ അഭിമാനകരമായ നേട്ടമാണ് ഓപറേഷൻ സിന്ദൂറെന്നും കമ്പനി വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.