'ഹിന്ദു മുസ്‌ലിംന്ന് പാക്ക മാട്ടാർ, എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാർ'; ഈ തമിഴ്​ സിനിമയിലുണ്ട്​ മുഹമ്മദലി ശിഹാബ്​ തങ്ങളും മുനവ്വറലിയും

തമിഴ്​നാട്ടിൽ ഒരു സിനിമ റിലീസ്​ ആയിട്ടുണ്ട്​. 'ബ്ലഡ്​ മണി' എന്നാണ്​ പേര്​. വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥ പറയുന്നതാണ് ചിത്രം. ഈ സിനിമക്ക്​ ഇങ്ങ്​ കേരളവുമായും തീർത്താൽ തീരാത്ത ബന്ധമുണ്ട്​. മുസ്​ലിം ലീഗിന്‍റെ സമാദരണീയനായ നേതാവ്​ മുഹമ്മദലി ശിഹാബ്​ തങ്ങളെയും മകൻ മുനവ്വറലിയെയും സംബന്ധിച്ച്​ ഇതിൽ പ്രതിപാദിക്കുന്നുണ്ട്​. പണ്ട്​ നടന്ന ഒരു സംഭവത്തിന്‍റെ വിവരണമാണ്​ സിനിമയിലുള്ളത്​.



ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമക്ക്​ കേരളത്തിലും കാഴ്ചക്കാർ ഏറെയുണ്ട്​. മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ മുനവ്വറലി ശിഹാബ് തങ്ങളെയും പിതാവും ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളെയും കുറിച്ച സിനിമയിലെ സംഭാഷണ ശകലമാണ്​ ഇപ്പോൾ കേരളത്തിൽ ചർച്ചയായിരിക്കുന്നത്​. കെ. എം സർജുൻ സംവിധാനം ചെയ്ത ബ്ലഡ് മണി എന്ന സിനിമയിലാണ് ഇരുവരെയും കുറിച്ചുള്ള പരാമർശമുള്ളത്. വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലിൽ കഴിയുന്ന രണ്ട് തമിഴരിൽ ഒരാളായ കാളിയപ്പനു വേണ്ടി ചെന്നൈയിലെ ഒരു മാധ്യമപ്രവർത്തക നടത്തുന്ന ഇടപെടലുകളിലാണ് പാണക്കാട് കുടുംബവും കടന്നുവരുന്നത്​.

യാഥാർഥ്യം:

പെരിന്തൽമണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിൽ നാലു വർഷമായി കുവൈത്തിൽ തൂക്കുകയർ കാത്തിരിക്കുന്ന അർജുനൻ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതിയാണ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്. 2017 നവംബറിലായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പു നൽകാൻ സന്നദ്ധമായിട്ടും അവർ ആവശ്യപ്പെട്ട 30 ലക്ഷം രൂപ മാലതിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് ഇവർ പാണക്കാട്ട് സഹായം തേടിയെത്തിയത്. മാലതിക്കു വേണ്ടി മുനവ്വറലി തങ്ങൾ അഭ്യർത്ഥന നടത്തുകയും മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. ഇങ്ങനെ 25 ലക്ഷം രൂപ സമാഹരിച്ചു. മാലതി അഞ്ചു ലക്ഷം രൂപയും സംഘടിപ്പിച്ചു. പിന്നീട് മുനവ്വറലി തങ്ങളുടെ വീട്ടിലെത്തി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറി.



മാപ്പു നൽകിയെന്ന രേഖയും അവർ നൽകി. അഭിഭാഷകനായ നിയാസ് വരിക്കോടൻ മുഖേനയാണ് അർജുനനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത്. 'കുവൈത്ത് ജയിലിൽ മരണത്തെ മുഖാമുഖം കണ്ട് നിമിഷങ്ങൾ എണ്ണിയിരുന്ന തമിഴ്നാട് സ്വദേശി അർജുനനെ തൂക്കു കയറിൽ നിന്ന് രക്ഷിക്കാനായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമായി ഞാൻ കണക്കാക്കുന്നു. ഭർത്താവ് അർജുനന്‍റെ ജീവൻ രക്ഷിക്കാൻ 25 ലക്ഷം രൂപ ഇന്ന് രാവിലെ എളാപ്പ ഹൈദറലി ശിഹാബ് തങ്ങൾ അർജുനന്‍റെ ഭാര്യ മാലതിക്ക് കൈമാറിയപ്പോൾ സ്വന്തം ഭർത്താവിന്‍റെ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്താൽ മാലതിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച മാലതി പാണക്കാടെത്തി സഹായം ആവശ്യപ്പെട്ടപ്പോൾ ഏറെ ആശങ്കയോടെയാണ് അത് ഏറ്റെടുത്തത്. എന്നാൽ അന്ന് രാത്രി രണ്ട് മണി വരെ വിദേശത്തടക്കമുള്ള എന്‍റെ സുഹൃത്തുക്കളുമായി നേരിട്ട് ഞാൻ വിഷയം ധരിപ്പിച്ചപ്പോൾ അവരെല്ലാം വളരെ ആവേശത്തോടെയാണ് മുന്നോട്ട് വന്നത്. കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും' -അന്ന്​ മുനവ്വറലി പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. ഈ സംഭവമാണ് 'ബ്ലഡ്​ മണി' സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്​. ​

'ബ്ലഡ്​ മണി' :

സിനിമയിൽ മാധ്യമപ്രവർത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കർ (റേച്ചൽ വിക്ടർ) ഒരു ഓഫീസിലെത്തി കുവൈത്ത്​ സംഭവം അന്വേഷിക്കുന്നു. റേച്ചൽ: കാളിയപ്പന്‍റെ (അത്തിമുത്തു) അമ്മ പറഞ്ഞത് ഞങ്ങൾ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നാണ്. 25 ലക്ഷം രൂപ നിങ്ങളുടെ ട്രസ്റ്റിലെ മുനവ്വറലി തങ്ങൾ കൊടുത്തുവെന്നാണ് പറയുന്നത്. അത് സത്യമാണോ?' ഓഫീസിലെ കസേരയിൽ ഇരിക്കുന്നയാളുടെ മറുപടി: ആ കേസിനെ കുറിച്ച് എനിക്കറിയും. അതേ, മുനവ്വറലി ശിഹാബ് തങ്ങൾ. അപ്പുറം അവരുടെ പിതാവ് ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദു മുസ്‌ലിംന്ന് പാക്ക മാട്ടാർ.

എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാർ. (ഹിന്ദുവോ മുസ്ലിമോ എന്ന്​ നോക്കില്ല. എല്ലാവരേയും സഹായിക്കും). സീ 5 ഒ.ടി.ടി പ്ലാറ്റ്‌ഫോമിലിറങ്ങിയ ചിത്രത്തിന്‍റെ തിരക്കഥ ശങ്കർ ദോസാണ്. സതീഷ് രഘുനാഥാണ് സംഗീതം. നിരവധി പേരാണ് ചിത്രത്തിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുന്നത്​. ലീഗ്​ നേതാക്കൾ അടക്കം ചിത്രത്തെ പ്രശംസിച്ച്​ രംഗത്തെത്തി. എം.കെ മുനീർ ഫേസ്​ബുക്കിൽ ഇങ്ങനെ കുറിച്ചു. 'കൊടപ്പനക്കൽ തറവാടിന്‍റെ സ്നേഹവും മാഹാത്മ്യവും നമ്മളേവരും അനുഭവിച്ചറിഞ്ഞവരാണ്.

കുവൈറ്റിൽ ജയിലിൽ വധശിക്ഷ കാത്തു കിടന്ന അത്തിമുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലുകളായിരുന്നു. പാണക്കാട് കൊടപ്പനക്കൽ തറവാടിന്‍റെ മഹത്വവും അത്തിമുത്തുവിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും ആസ്പദമാക്കി തമിഴിലെ അഭ്രപാളിയിൽ 'ബ്ലഡ്​ മണി' എന്ന പേരിൽ ചലച്ചിത്രം ഒരുങ്ങുന്നു. നാമോരോരുത്തരും അനുഭവിച്ചറിഞ്ഞ ആ സ്നേഹം ഇനി നമുക്ക് സ്ക്രീനിൽ കാണാം'. 

Tags:    
News Summary - Muhammadali Shihab Thangal and Munavvarali are in this Tamil movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.