ലഖ്നോ: യു.പിയിലെ ബദാവൂനിൽ നാലു മക്കളുടെ അമ്മയായ 43കാരി മകളുടെ അമ്മായിയപ്പനൊപ്പം ഒളിച്ചോടി. മമത എന്ന സ്ത്രീയാണ് മകളുടെ ഭർത്താവിന്‍റെ പിതാവായ ശൈലേന്ദ്രയോടൊപ്പം ഒളിച്ചോടിയത്. മമതയുടെ കുടുംബത്തിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം തുടങ്ങി.
മമതയുടെ ഭർത്താവ് സുനിൽ കുമാർ ട്രക്ക് ഡ്രൈവറാണ്. നാല് മക്കളാണ് ഇവർക്കുള്ളത്. മൂത്ത മകളുടെ വിവാഹം 2022ൽ കഴിഞ്ഞതാണ്. സുനിൽ കുമാർ ട്രക്കുമായി പോയാൽ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞേ വീട്ടിൽ എത്താറുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് മമത മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രയുമായി അടുത്തത്.
ശൈലേന്ദ്ര സ്ഥിരമായി ഇവരുടെ വീട്ടിലെത്താറുണ്ടായിരുന്നു. ബന്ധുക്കളായതിനാൽ അയൽക്കാർക്ക് സംശയമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഇരുവരെയും കാണാതാവുകയായിരുന്നു. വീട്ടിലെ സ്വർണാഭരണങ്ങളുമെടുത്താണ് മമത ശൈലേന്ദ്രക്കൊപ്പം പോയത്. ഇരുവരും ഒരു ടെമ്പോയിലാണ് വീട്ടിൽ നിന്ന് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇരുവരും ഒളിച്ചോടിയതാണെന്ന് വ്യക്തമായതോടെ ഭർത്താവ് സുനിൽ കുമാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.