മോദി പറയുന്നത് ട്രംപ് സുഹൃത്താണെന്ന്; എങ്കിൽ കുടിയേറ്റക്കാരുടെ കാര്യത്തിൽ പരിഹാരം കാണണം -പഞ്ചാബ് മന്ത്രി

അമൃത്സർ: അമേരിക്ക അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ രംഗത്ത്. കുടിയേറ്റക്കാരുടെ വിഷയത്തിൽ പരിഹാരം കാണണമെന്ന് പ്രവാസികാര്യ മന്ത്രി കുൽദീപ് സിങ് ദലിവാൾ ആണ് ആവശ്യപ്പെട്ടത്. ട്രംപ് സുഹൃത്താണെന്നാണ് മോദി പറയുന്നതെന്നും കുടിയേറ്റ വിഷയത്തിൽ ട്രംപുമായി സംസാരിച്ച് മോദി പരിഹാരം കാണണമെന്നും മന്ത്രി കുൽദീപ് സിങ് ദലിവാൾ ആവശ്യപ്പെട്ടു.

അമേരിക്കൻ ജയിലിൽ കഴിയുന്നതിനേക്കാൾ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നാണ് മന്ത്രി കുൽദീപ് സിങ് ഇന്നലെ വിഷയത്തിൽ പ്രതികരിച്ചിരുന്നത്. ഇന്ത്യയിൽ തിരിച്ചെത്തുന്നതിന് മുമ്പ് താൻ യു.എസിലാണ് താമസിച്ചിരുന്നത്. അവിടത്തെ ജയിലുകൾ തനിക്കറിയാം. ജയിലുകൾ അവർക്ക് കടുത്ത ശിക്ഷയായിരിക്കും. അവിടെ ജയിലിൽ കിടന്നാൽ നമ്മുടെ യുവാക്കൾ തകരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മടങ്ങിവരുന്ന സ്വദേശികൾക്കൊപ്പം പഞ്ചാബ് സർക്കാർ ഉണ്ടാവും. യു.എസിൽ പോകാനായി 25 ലക്ഷം മുതൽ 30 ലക്ഷം വരെ വായ്പ എടുത്തവരുണ്ട്. തിരികെ വരുന്നവർക്ക് വായ്പ അടക്കുക ബുദ്ധിമുട്ടാണ്. വായ്പ എടുത്തവരുടെ പലിശ എഴുതിത്തള്ളുന്നത് സംബന്ധിച്ച് ബാങ്കുകളുമായി ചർച്ച നടത്തും.

ഇക്കാര്യം ഫെബ്രുവരി 10ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാനോട് ആവശ്യപ്പെടും. തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാറിന് കഴിയുന്ന വിധം സഹായിക്കും. ഇതിനായി പുതിയ നയം രൂപീകരിക്കുമെന്നും മന്ത്രി കുൽദീപ് സിങ് വ്യക്തമാക്കി.

104 അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക സൈനിക വിമാനത്തിൽ ഇന്ന് ഇന്ത്യയിലെത്തിച്ചത്. ഇതിൽ 30 പേർ പഞ്ചാബ് സ്വദേശികളാണ്. പഞ്ചാബ് കൂടാതെ ഗുജറാത്ത്, ഹരിയാന, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ചണ്ഡിഗഢ് സ്വദേശികളെയും എത്തിച്ചിട്ടുണ്ട്. ഗുജറാത്ത് -33, ഹരിയാന -33, പഞ്ചാബ് -30, ഉത്തർ പ്രദേശ്-3, മഹാരാഷ്ട്ര-3, ചണ്ഡിഗഢ്- 2 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.

Tags:    
News Summary - Modi to speak to Trump to find a solution to Illegal Immigrants issue -Punjab Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.