കേരളത്തിലെ ഇടത് എം.പിമാരെ നെഹ്റു ചെയ്തത് ഓർമിപ്പിച്ച് മോദി

ന്യൂഡൽഹി: അദാനി വിഷയത്തിൽ കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്ന കേരളത്തിൽനിന്നുള്ള ഇടതുപക്ഷ എം.പിമാരോട് പണ്ഡിറ്റ് നെഹ്റു നിങ്ങളോട് ചെയ്തത് ഓർമയുണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചപ്പോൾ എത്ര സർക്കാറുകളെ മറിച്ചിട്ടുവെന്ന് ഇപ്പോൾ കോൺഗ്രസിനൊപ്പം നടുത്തളത്തിലിറങ്ങിയവർ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് നടുത്തളത്തിൽനിന്ന് ‘മോദി - അദാനി ഭായി ഭായി’ വിളിച്ചുകൊണ്ടിരുന്ന കേരളത്തിൽനിന്നുള്ള ഇടത് എം.പിമാരായ ബിനോയ് വിശ്വത്തെയും സന്തോഷ് കുമാറിനെയും എ.എ റഹീമിനെയും നോക്കി അതൊന്ന് നിർത്തി താൻ പറയുന്നത് ഇയർഫോൺവെച്ച് ഒന്ന് കേട്ടുനോക്കൂ എന്ന് മോദി പറഞ്ഞു. കേരളത്തിൽ ഇടതു സർക്കാർ അധികാരമേറ്റത് പണ്ഡിറ്റ് നെഹ്റുവിന് ഇഷ്ടപ്പെടാതിരുന്നതിനാൽ സർക്കാറിനെ പിരിച്ചുവിട്ടു. തങ്ങളോട് എന്താണ് കോൺഗ്രസ് ചെയ്തതെന്ന് ഇടതുപക്ഷം ഓർത്തുനോക്കണമെന്നും മോദി പറഞ്ഞപ്പോൾ നടുത്തളത്തിലിറങ്ങാതെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു നിന്ന് മോദിയുടെ പ്രസംഗം കേട്ടുകൊണ്ടിരുന്ന എളമരം കരീം ചിരിച്ചു.

തുടർന്ന് ഡി.എം.കെ എം.പിമാരോട്, തമിഴ്നാട്ടിൽ എം.ജി.ആറിന്റെയും കരുണാനിധിയുടെയും സർക്കാറുകളെ ഇതേ കോൺഗ്രസാണ് നശിപ്പിച്ചത് എന്ന് മോദി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ പിരിച്ചുവിടാൻ ഇന്ദിര ഗാന്ധിയും കോൺഗ്രസും നടത്തിയ ശ്രമങ്ങൾ മറന്നാണ് ബി.ജെ.പിയെ വിമർശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - Modi reminded the Left MPs of Kerala what Nehru did

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.