ഉവൈസി പറഞ്ഞു, ​മോദി കേട്ടു; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുസ്‍ലിം പോരാളികളുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രി

ന്യൂ​ഡൽഹി: ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യദിനത്തിൽ എല്ലാ മതവിഭാഗങ്ങളിലുമുള്ള സ്വാതന്ത്ര്യ സമരസേനാനികളെയും വിപ്ലവകാരികളെയും പരാമർശിക്കാൻ മറന്നില്ല. അഷ്ഫാഖുല്ല ഖാനെയും ബീഗം ഹസ്രത് മഹലിനെയും മോദി പ്രസംഗത്തിനിടെ എടുത്തു പറഞ്ഞു. ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എ​.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി കഴിഞ്ഞ ദിവസം ഇതെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടത്തുന്ന പ്രസംഗത്തിൽ അഷ്ഫാഖുല്ല ഖാനെ പോലുള്ള മുസ്‍ലിം സ്വാതന്ത്ര്യസമര സേനാനികളെ പരാമർശിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നായിരുന്നു ഉവൈസിയുടെ പ്രസ്താവന.

സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ മുസ്‍ലിംകളും തുല്യ സംഭാവനയാണ് നൽകിയത്. എന്നാൽ സ്വാതന്ത്ര്യസമര പോരാളികളുടെ കൂട്ടത്തിൽ അവരുടെ പേരുകൾ ഒരിക്കലും ​പരാമർശിക്കാറില്ല. എന്നായിരുന്നു ഞായറാഴ്ച ഒരു പൊതു പരിപാടിക്കിടെ ഉവൈസി പറഞ്ഞത്.

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ അഷ്ഫാഖുല്ല ഖാനെ പോലുള്ള മുസ്‍ലിംകളെ കുറിച്ച് ​മോദി പ്രസംഗത്തിനിടെ പരാമർശിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുകയുണ്ടായി.

മംഗൾ പാണ്ഡെ, താന്തിയ തോപി, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു,ചന്ദ്രശേഖർ ആസാദ്, അഷ്ഫാഖുല്ല ഖാൻ, റാം പ്രസാദ് ബിസ്മിൽ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ നമ്മുടെ എണ്ണമറ്റ വിപ്ലവകാരികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞത്.

റാണി ലക്ഷ്മിഭായിയോ, ഝൽക്കരിബായി,ചിന്നമ്മ, ബീഗം ഹസ്രത്ത് മഹൽ തുടങ്ങിയ ഇന്ത്യൻ സ്ത്രീകളുടെ കരുത്ത് ഓർക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം നിറയുന്നതായും അദ്ദേഹം തുടർന്നു.

സായുധ വിപ്ലവത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യത്തോടെയാണ് അഷ്ഫാഖുല്ല ഖാൻ സഹ സ്വാതന്ത്ര്യ സമര സേനാനി റാം പ്രസാദ് ബിസ്മിലിനൊപ്പം ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (എച്ച്എസ്ആർഎ) സ്ഥാപിച്ചത്. ഇടതുപക്ഷ അനുഭാവിയായിരുന്ന അദ്ദേഹം കവി കൂടിയായിരുന്നു. 1925 ആഗസ്റ്റിൽ കക്കോരി എക്സ്പ്രസിൽ നടന്ന സായുധ കൊള്ളയ്ക്ക് അറസ്റ്റിലായവരിൽ ഖാനും ഉൾപ്പെടുന്നു. 1927 ഏപ്രിലിൽ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

അഷ്ഫാഖുല്ല ഖാനെ കൂടാതെ ബീഗം ഹസ്രത്ത് മഹലിനെയും മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിച്ചു. അവധിലെ അവസാന നവാബ് ആയിരുന്ന വാജിദ് അലി ഷായുടെ രണ്ടാമത്തെ ഭാര്യയായ ഹസ്രത് മഹൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നാണ് കണക്കാക്കുന്നത്.

മുസ്‍ലിംകളെ ഭിന്നിപ്പിക്കുന്നു എന്ന ആരോപണം വർധിച്ച സാഹചര്യത്തിൽ ബി.ജെ.പിയുടെ മൃദുസമീപനത്തിന്റെ ഭാഗമായാണ് മോദിയുടെ പ്രസംഗവും എന്നാണ് വിലയിരുത്തൽ. ജൂലൈയിൽ ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിച്ചേരണമെന്ന് ആർ.എസ്.എസ് നേതാവ് സുനിൽ അംബേദ്കർ അഭിപ്രായപ്പെട്ടിരുന്നു. മുസ്‍ലിംകൾക്കും ഹിന്ദുക്കൾക്കും ഇടയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതും നിർദേശിച്ചിരുന്നു. 

Tags:    
News Summary - Modi remembers freedom fighters of all religions, day after Owaisi challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.