കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി മാത്രമാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്‍റെ കോവിഡ് വാക്സിൻ സ്ട്രാറ്റജി മാറ്റിയില്ലെങ്കിൽ രാജ്യം മൂന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും രാഹുൽ കുറ്റപ്പെടുത്തി.

'പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്‍റ് മാനേജറാണ്. ഈയവസരത്തിൽ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യർ മരിച്ചുവീഴുന്ന ഈ സന്ദർഭത്തിലെങ്കിലും മോദി ഒരു വാക്സിൻ നയം രൂപീകരിക്കണം'- വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

'മോദി കാഴ്ചക്കാരനായി നോക്കിയിരുന്നതുകൊണ്ടാണ് ഇവിടെ രണ്ടാം തരംഗം ഉണ്ടായതും കോവിഡ് കേസുകളിൽ റെക്കോർഡ് വർധനയും മരണവും ഉണ്ടായതും. നമ്മൾ വാക്സിന്‍റെ തലസ്ഥാനമാണ്. നമുക്ക് വാക്സിൻ നിർമിക്കാമായിരുന്നു. കോവിഡ് ആദ്യതരംഗത്തെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം തരംഗം ഉണ്ടായതിന്‍റെ ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണ്. അദ്ദേഹത്തിന്‍റെ പബ്ലിസിറ്റി സ്റ്റണ്ടുകൾ, മരണനിരക്കിനെ ക്കുറിച്ചുള്ള നുണകൾ ഇതെല്ലാമാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചത്.' -രാഹുൽ ഗാന്ധി പറഞ്ഞു.

നിങ്ങളുടെ വാക്സിനേഷൻ നയം ശരിയാക്കൂ, കൊറോണ വൈറസിന് മ്യൂട്ടേഷൻ നടത്താനുള്ള അവസരം നൽകാതിരിക്കൂ. നയം ശരിയായില്ലെങ്കിൽ മുന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങളിലൂടെ നാം കടന്നുപോകേണ്ടി വരുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Modi must vaccinate rest of India fast or there will be more Covid waves, warns Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.