ന്യൂഡൽഹി: തലസ്ഥാനത്തെ വിവിധ വിലാസങ്ങളിൽനിന്ന് വ്യാജ വോട്ട് രേഖപ്പെടുത്താൻ അപേക്ഷ നൽകി ബി.ജെ.പിയുടെ ഉന്നത നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷനെ കബളിപ്പിക്കുകയും ജനാധിപത്യ പ്രക്രിയയയെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്ന് ആം ആദ്മി പാർട്ടി. വോട്ടർ രജിസ്ട്രേഷൻ ക്രമക്കേടുകളിൽ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിനു പുറമെ കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ടെന്നും ആപ് രാജ്യസഭാ എം.പി സഞ്ജയ് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ചെറിയ കടകളിൽ നിന്നും ബേസ്‌മെന്റുകളിൽ നിന്നുപോലും ഡസൻ കണക്കിന് വോട്ടർ രജിസ്ട്രേഷൻ അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ യാഥാർഥ്യം. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രധാനമന്ത്രി മോദിയുടെ പാർട്ടി പദ്ധതിയിടുന്നത് ഇങ്ങനെയാണ്’ -സിങ് പറഞ്ഞു. സംഭവത്തിൽ പങ്കുള്ള കേന്ദ്രമന്ത്രിമാർ ഉൾപ്പെടെള്ള ബി.ജെ.പി നേതാക്കളുടെ പേരുകൾ അദ്ദേഹം പുറത്തുവിട്ടു.
ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർഥി പ്രവേഷ് വർമ മുൻ എം.പിയാണ്. സിറ്റിങ് എം.പിയല്ല.എന്നിട്ടും അദ്ദേഹം മെയ് മുതൽ ജനുവരി വരെ 8 മാസമായി എം.പിമാർക്കുള്ള ബംഗ്ലാവ് കൈവശം വെച്ചിരിക്കുകയായിരുന്നുവെന്നും സിങ് പറഞ്ഞു. മാത്രമല്ല, തന്റെ ബംഗ്ലാവിന്റെ വിലാസത്തിൽ 33 വോട്ട് ലഭിക്കാൻ അദ്ദേഹം അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാമത്തെ പേര് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടേതാണ്. സ്വന്തം വിലാസത്തിൽ 26 വോട്ട് ലഭിക്കാൻ അദ്ദേഹം അപേക്ഷ നൽകി. കേന്ദ്രമന്ത്രി കമലേഷ് പാസ്വാൻ തന്റെ വിലാസത്തിൽ 26 വോട്ടുകൾ നേടുന്നതിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ചില നിയോജക മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരുടെ വിലാസത്തിൽനിന്ന് വൻതോതിൽ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആപ് എം.പിയുടെ ആരോപണം. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.