ലഖ്നോ: ധ്യാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യദേവനെ ശാന്തനാക്കിയെന്നും ഈ ശാന്തത രാമരാജ്യം ഉടൻ സ്ഥാപിക്കപ്പെടുമെന്നതിൻ്റെ വലിയ സൂചനയാണെന്നും ഗോരഖ്പൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി രവി കിഷൻ. നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൈവശം വച്ചിരുന്ന ഗോരഖ്പൂരിൽ നിന്ന് മത്സരിച്ചതിൻ്റെ അനുഭവത്തെക്കുറിച്ച് ചോദിച്ചതിന് പിന്നാലെയായിരുന്നു കിഷന്റെ പരാമർശം.
"ഇത് വളരെ ചരിത്രപ്രാധാന്യമുള്ള ദിവസമാണ്. തെക്ക് മോദിജി നടത്തിയ ധ്യാനം സൂര്യദേവനെ വരെ ശാന്തനാക്കി. നല്ല ചൂടുണ്ട് പക്ഷേ അപ്പോഴും അവിടെയൊരു കാറ്റുണ്ട്. സൂര്യ ദേവന്റെ ശാന്തത രാമരാജ്യം ഉടൻ സ്ഥാപിക്കപ്പെടുമെന്നതിന്റെ സൂചനയാണ്", രവി കിഷൻ പറയുന്നു. നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്നും ഇന്ത്യ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കിഷൻ കൂട്ടിച്ചേർത്തു.
കന്യാകുമാരിയിലെ വിവേകാനന്ദപാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 48 മണിക്കൂർ ധ്യാനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു കിഷന്റെ പരാമർശം.
ജൂൺ 1നായിരുന്നു ഗോരഖ്പൂരിൽ വോട്ടെടുപ്പ് നടന്നത്. 20 വർഷത്തോളം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ച ഗോരഖ്പൂർ ലോക്‌സഭാ സീറ്റ് ബി.ജെ.പിയുടെ കോട്ടയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രവി കിഷൻ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചു. മൂന്ന് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു കിഷന്റെ വിജയം.
ഇക്കുറി തെരഞ്ഞെടുപ്പിൽ ഗോരഖ്പൂരിൽ 70,000 വോട്ടുകൾക്ക് രവി കിഷൻ ലീഡ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.