ജയ്പൂർ: രാജസ്ഥാനിലെ എൻട്രൻസ് പരിശീലനകേന്ദ്രത്തിൽ പഠനസമ്മർദം മൂലം രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പ്രതികരണവുമായി മന്ത്രി. മൊബൈൽ ഫോൺ ഉപയോഗവും മോശം സൗഹൃദങ്ങളുമാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ് വാൾ അഭിപ്രായപ്പെട്ടത്. എല്ലാ സമയത്തും മൊബൈൽ ഉപയോഗിക്കുന്നത് മൂലം യുവാക്കൾ അസ്വസ്ഥരാണ്.
മുമ്പത്തെ കാലത്ത് കുടുംബാംഗങ്ങളോടൊപ്പം ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ടായിരുന്നു. ആത്മീയപരമായ കാര്യങ്ങളുൾപ്പെടെ ആ സമയത്ത് ചർച്ച ചെയ്യും. എന്നാൽ ഒരാൾ മോശം സൗഹൃദങ്ങളിൽ പെടുമ്പോൾ ആത്മഹത്യ പോലുള്ള തെറ്റായ കാര്യങ്ങൾ മാത്രമേ മനസിലേക്ക് വരൂ. അതിനാൽ എല്ലാവരും നല്ല സൗഹൃദങ്ങൾ മാത്രം സൂക്ഷിക്കണം. നല്ല ചിന്തകളുമായി ജീവിക്കണം.''-എന്നായിരുന്നു മന്ത്രി പറഞ്ഞത്. നന്നായി പഠിച്ച് രാജ്യത്തിന്റെ ഭാവിക്ക് മുതൽക്കൂട്ടാകണം വിദ്യാർഥികളെന്ന് പറയാനും മന്ത്രി മറന്നില്ല.
നേരത്തേയും മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. സവായ് മധോപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യയിലുടനീളം സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും യു.പിയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അതിനെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ ജയിലിലടക്കും. എന്നാൽ അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ കീഴിൽ തെറ്റുചെയ്യുന്നവർ ഉറപ്പായും ശിക്ഷിക്കപ്പെടും. പ്രതികൾ എത്ര ഉന്നതരായാലും ശരി.-മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.