കേരളത്തിന് പിന്നാലെ തമിഴ്നാടും; അടിച്ചമർത്തലിന്‍റെയും ജാതിവിവേചനത്തിന്‍റെയും പ്രതീകമായ ‘കോളനി’ ഇനി വേണ്ടെന്ന് സ്റ്റാലിൻ

ചെന്നൈ: ഔദ്യോഗിക രേഖകളിൽ നിന്നും പൊതു ഉപയോഗത്തിൽ നിന്നും ‘കോളനി’ എന്ന പദം നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചരിത്രപരമായ അടിച്ചമർത്തലിന്റെയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെയും പ്രതീകമായി ഈ പദം മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'കോളനി എന്ന വാക്ക് ഈ മണ്ണിലെ പുരാതന ജനതയെ അപമാനിക്കുന്നതിനുള്ള ഒരു പര്യായമായി മാറിയിരിക്കുന്നു. ഈ വാക്ക് അടിച്ചമർത്തലിന്റെയും തൊട്ടുകൂടായ്മയുടെയും പ്രതീകമായി മാറിയതിനാൽ, സർക്കാർ രേഖകളിൽ നിന്നും പൊതു ഉപയോഗത്തിൽ നിന്നും നീക്കം ചെയ്യാൻ നടപടിയെടുക്കും' - സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

2024 ജൂണിൽ കേരള സർക്കാർ തുടങ്ങി വെച്ച നീക്കത്തിന് സമാനമാണ് ഈ തീരുമാനം. മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് മുമ്പ് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി എന്ന നിലയിൽ, ഔദ്യോഗിക രേഖകളിൽ 'കോളനി' എന്ന പദം ഉപയോഗിക്കുന്നത് നിർത്തലാക്കിക്കൊണ്ട് കെ. രാധാകൃഷ്ണൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടിച്ചമർത്തലുകാരാണ് ഈ പദം സൃഷ്ടിച്ചതെന്നും 'അതിമത്തം' എന്ന വാക്കിൽ നിന്നാണ് അതിന്റെ അർത്ഥം ഉരുത്തിരിഞ്ഞതെന്നും രാധാകൃഷ്ണനും അന്ന് പറഞ്ഞിരുന്നു.   

പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ "കോളനി," "സങ്കേതം", "ഊര്" എന്നീ പേരുകൾക്ക് പകരമായി "നഗർ", "ഉന്നതി", "പ്രകൃതി" മുതലായ പേരുകളോ, ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാമെന്നായിരുന്നു രാധാകൃഷ്ണന്‍റെ ഉത്തരവ്. പ്രദേശങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകുന്നത് പല സ്ഥലത്തും തർക്കങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിനാൽ വ്യക്തികളുടെ പേരുകൾ പരമാവധി ഒഴിവാക്കണം. എന്നാൽ നിലവിൽ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ അത് തുടരാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 

Tags:    
News Summary - MK Stalin to drop 'colony' from official use for Dalit settlements in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.