ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓടുന്ന കാറിനുള്ളൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. ഗ്രേറ്റർ നോയിഡ സ്വദേശികളായ സന്ദീപ്, അമിത്, ഗാസിയാബാദ് സ്വദേശി ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് 17കാരിയായ പെൺകുട്ടിയെയും 19കാരിയായ സുഹൃത്തിനെയും കബളിപ്പിച്ചാണ് പ്രതികൾ ഗ്രേറ്റർ നോയിഡയിൽ എത്തിച്ചത്. തുടർന്ന് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
യാത്രയുടെ മധ്യേ പെൺകുട്ടികളുമായി പ്രതികൾ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ പത്തൊൻപതുകാരിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിടുകയായിരുന്നു. റോഡിലേക്കുളള വീഴ്ചയിൽ ഗുരുതരമായ പരിക്കേറ്റ പത്തൊൻപതുകാരി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പേർ ചേർന്നാണ് 17കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കാറിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അലിഗഡ്-ബുലന്ദ്ഷഹർ ഹൈവേയ്ക്ക് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരുടെ കാലിൽ വെടിയുതിർത്താണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. പ്രതികളുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.