ഹൈദരാബാദ്: ഭൂരിപക്ഷ സമുദായത്തേക്കാൾ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ലഭിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ പരാമർശത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ന്യൂനപക്ഷ അവകാശങ്ങൾ മൗലികാവകാശങ്ങളാണ് ദാനധർമമല്ലെന്ന് ഓർപ്പിച്ച ഉവൈസി താങ്കൾ (കിരൺ റിജിജു) ഇന്ത്യൻ റിപബ്ലിക്കിലെ മന്ത്രിയാണ്, രാജാവല്ലെന്നും വിമർശിച്ചു.
ഓരോ ദിവസവും പാകിസ്താനി, ബംഗ്ലാദേശി, ജിഹാദി, റോഹിംഗ്യ വിളികളാണ് മുസ്‌ലിംകൾ നേരിടുന്നത്. ഇതാണോ സംരക്ഷണമെന്ന് ഉവൈസി ചോദിച്ചു. ആൾക്കൂട്ടക്കൊലക്ക് വിധേയമാകുന്നത്, ഇന്ത്യൻ പൗരൻമാരെ തട്ടിക്കൊണ്ടുപോയി ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നത്, നമ്മുടെ വീടുകളും പള്ളികളും മസാറുകളും നിയമവിരുദ്ധമായി ബുൾഡോസർ ചെയ്യുന്നത്, എല്ലാം സംരക്ഷണമാണോയെന്ന് ഉവൈസി ചോദിച്ചു.
പ്രധാനമന്ത്രിയുടെ പോലും വിദ്വേഷപ്രസംഗത്തിന് വിധേയമാകുന്നത് അഭിമാനമാണോയെന്ന് ഉവൈസി ചോദിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാർ പോലുമല്ല. തങ്ങൾ ബന്ദികളാണ്. ആനുകൂല്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ മറ്റു ചില കാര്യങ്ങളെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഹിന്ദു എൻഡോവ്‌മെന്റ് ബോർഡിൽ ഏതെങ്കിലും മുസ്‌ലിമിന് അംഗമാവാൻ കഴിയുമോ? ഇല്ല, എന്നാൽ വഖഫ് ഭേദഗതി നിയമം അമുസ്‌ലിംകളെ നിർബന്ധമായി വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
'നിങ്ങൾ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കി. പ്രീ-മെട്രിക് സ്‌കോളർഷിപ്പിന് നിങ്ങൾ പണം മുടക്കി. പോസ്റ്റ് മെട്രിക്, മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പുകൾ നിങ്ങൾ പരിമിതപ്പെടുത്തി. കാരണം അവ മുസ്‌ലിം വിദ്യാർഥികൾക്ക് പ്രയോജനപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിൽ ജനസംഖ്യ കുറഞ്ഞ ഒരേയൊരു വിഭാഗം മുസ്‌ലിംകളാണ്. നിങ്ങളുടെ സാമ്പത്തിക നയങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചവരാണ്. ഇതാണ് നിങ്ങളുടെ സ്വന്തം സർക്കാരിന്റെ ഡാറ്റ. മാതാപിതാക്കളെക്കാളും മുത്തശ്ശിമാരെക്കാളും മോശം അവസ്ഥയിലുള്ള കുട്ടികളുടെ ഏക വിഭാഗം ഇന്ത്യൻ മുസ്‌ലിംകളാണ്. മറ്റു രാജ്യങ്ങളിലെ മറ്റു ന്യൂനപക്ഷങ്ങളുമായി താരതമ്യം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ സമൂഹത്തിന് ലഭിക്കുന്നതിലും കൂടുതൽ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്നത് ഞങ്ങൾ ആവശ്യപ്പെടുന്നു: സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി.'- ഉവൈസി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.