ബംഗളൂരു: സംസ്ഥാനത്ത് വീണ്ടും പാല്‍വില വർധിപ്പിച്ചേക്കും. ക്ഷീര കര്‍ഷകരും കര്‍ണാടക മില്‍ക്ക് ഫെഡറേഷനും (കെ.എം.എഫ്) വിലയുയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ. വെങ്കടേഷ് പറഞ്ഞു.
മില്‍ക്ക് ഫെഡറേഷന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ മൂന്നുരൂപയെങ്കിലും വര്‍ധിപ്പിക്കാന്‍ തയാറാകുമെന്നാണ് വിവരം. ആഗസ്റ്റ് ഒന്നിനും പാല്‍വില ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. പാല്‍വില വര്‍ധിക്കുന്നത് കീശ ചോര്‍ത്തുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍. കഴിഞ്ഞതവണ ഒരുലിറ്റര്‍ നന്ദിനി പാലിന് മൂന്നുരൂപ വര്‍ധിപ്പിച്ചപ്പോള്‍ നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും ചായ വില രണ്ടുമുതല്‍ മൂന്നുരൂപ വരെയാണ് കൂട്ടിയത്.
തൈരിന്റേയും മറ്റ് അനുബന്ധ ഉല്പന്നങ്ങളുടെ വിലയും കൂടിയിരുന്നു. കാലിത്തീറ്റയുടെ വില വര്‍ധിച്ചതും ഉല്പാദനം കുറഞ്ഞതും ചൂണ്ടിക്കാട്ടിയാണ് ക്ഷീരകര്‍ഷകര്‍ വില വര്‍ധന ആവശ്യപ്പെട്ടിരുന്നത്. ആഗസ്റ്റിലെ വിലവര്‍ധന കര്‍ഷകര്‍ക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും ക്ഷീരകര്‍ഷകരുടെ സംഘടനകള്‍ പറയുന്നു.
പാല് സംഭരണത്തിനും വിതരണത്തിനുമുള്ള ചെലവ് കൂടിയത് മുന്‍നിര്‍ത്തിയാണ് കെ.എം.എഫ് വില വര്‍ധനവെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ലിറ്റര്‍ പാലിന് 48 രൂപ മുതല്‍ 51 രൂപവരെയാണ് ഈടാക്കുന്നതെന്നും കെ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.
അംഗൻവാടികളിലെയും സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പാല്‍പ്പൊടി വിതരണം ചെയ്യുന്ന ക്ഷീരഭാഗ്യ പദ്ധതിക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും കര്‍ണാടക മില്‍ക്ക് ഫെഡറേഷന് ഉന്നയിക്കുന്നുണ്ട്. നിലവില്‍ ഒരുകിലോ പാല്‍പ്പൊടിക്ക് 348.32 രൂപയും ജി.എസ്.ടി.യുമാണ് സര്‍ക്കാര്‍ കെ.എം.എഫിന് നല്‍കുന്നത്.
ഇത് 400 രൂപയും ജി.എസ്.ടി.യുമാക്കണമെന്നാണ് ആവശ്യം. ഒരോ ആറുമാസം കൂടുമ്പോഴും അഞ്ചുശതമാനം വീതം തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് സര്‍ക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.