ആ​ത്​​മ​ഹ​ത്യ​ശ്ര​മം കു​റ്റ​മ​ല്ല; മാ​ന​സി​കാ​രോ​ഗ്യ ബി​ൽ ലോ​ക്​​സ​ഭ​യും പാ​സാ​ക്കി

ന്യൂഡൽഹി: ആത്മഹത്യശ്രമം ഇനി ശിക്ഷാർഹമായ കുറ്റമല്ല.  ഇന്ത്യൻ ശിക്ഷനിയമത്തിനുകീഴിൽ ആത്മഹത്യശ്രമം കുറ്റകരമായ നിലവിലെ വ്യവസ്ഥ നീക്കുന്നതടക്കം ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന മാനസികാരോഗ്യ ബിൽ പാർലെമൻറി​െൻറ ഇരുസഭകളും പാസാക്കി. മാനസിക ദൗർബല്യമുള്ളവരോടുള്ള സമൂഹത്തി​െൻറ പെരുമാറ്റത്തിൽ ഗുണപരമായ മാറ്റത്തിന് പ്രേരകമാവുന്ന നിയമമാണ് രാജ്യസഭക്കു പിന്നാലെ ലോക്സഭയും അംഗീകരിച്ചത്. മറ്റൊരു വിധത്തിൽ തെളിയിക്കപ്പെട്ടില്ലെങ്കിൽ, ആത്മഹത്യക്ക് ശ്രമിക്കുന്നവരെ മാനസിക ദൗർബല്യമുള്ളവരായാണ് കണക്കാക്കേണ്ടതെന്ന് ബിൽ നിർദേശിക്കുന്നു. അത്തരക്കാർക്ക് ശിക്ഷയല്ല, പരിചരണമാണ് വേണ്ടത്. 

മനോരോഗിക്ക് വൈദ്യുതാഘാതം നൽകുന്നതിന് കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പ്രായപൂർത്തിയാകാത്തവരിൽ ഇത് പ്രയോഗിക്കാൻ പാടില്ല. മാനസിക ദൗർബല്യത്തിന് ചികിത്സ നടത്തുന്ന മാതാവി​െൻറ അടുത്തുനിന്ന് മൂന്നു വയസ്സുവരെ കുഞ്ഞുങ്ങളെ മാറ്റിനിർത്താൻ പാടില്ല. സ്വന്തംനിലക്ക് തീരുമാനങ്ങൾ എടുക്കാൻ വയ്യാത്ത മാനസികാവസ്ഥയിൽ ഒഴിച്ച്, സ്വന്തം തീരുമാനപ്രകാരമായിരിക്കണം അഡ്മിറ്റുചെയ്യൽ. മനോരോഗമുള്ളവർക്ക് മാന്യമായ ജീവിതം വിഭാവനം ചെയ്യുന്നതാണ് ബിൽ. മാനസിക സ്ഥിതി, ചികിത്സ തുടങ്ങിയവ സംബന്ധിച്ച രഹസ്യാത്മകത സൂക്ഷിക്കാൻ വ്യക്തിക്ക് അവകാശമുണ്ട്. മനുഷ്യത്വപരമല്ലാത്ത ചികിത്സരീതികളിൽ നിന്ന് സംരക്ഷണം,  സൗജന്യ നിയമ സേവനം, ചികിത്സരേഖകൾ ലഭിക്കാനുള്ള അവകാശം, പോരായ്മകൾക്കെതിരെ പരാതിപ്പെടാനുള്ള അവകാശം എന്നിവയും നിയമവ്യവസ്ഥയിലുണ്ട്.

കേന്ദ്ര, സംസ്ഥാന തലങ്ങളിൽ മാനസികാരോഗ്യ അതോറിറ്റികൾ രൂപവത്കരിക്കും. മാനസികാരോഗ്യ സ്ഥാപനങ്ങൾ ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതി​െൻറ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിലും ഇൗ അതോറിറ്റി പങ്കുവഹിക്കും.  മനോരോഗ ചികിത്സകരുടെ വിശദാംശങ്ങളും ഇവിടെ ലഭ്യമാക്കും. ഇതി​െൻറ വിവിധ മാനദണ്ഡങ്ങൾ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. യു.പി.എ സർക്കാറി​െൻറ കാലത്ത് തയാറാക്കിയ ബിൽ കഴിഞ്ഞ വർഷമാണ് വിവിധ ഭേദഗതികളോെട രാജ്യസഭ പാസാക്കിയത്. സർക്കാറി​െൻറ ഏജൻസികൾ നടത്തുന്ന മാനസികാരോഗ്യ ചികിത്സ ലഭിക്കാൻ നിയമം ഒാരോരുത്തർക്കും അവകാശം നൽകുന്നു. എങ്ങനെ ചികിത്സ ലഭിക്കണമെന്ന് മുൻകൂട്ടി നിർദേശിക്കുന്നതിന് മാനസിക ദൗർബല്യമുള്ളയാൾക്കും അയാളുടെ പ്രതിനിധിക്കും അവകാശമുണ്ടായിരിക്കും. 

അംഗീകൃത മാനസികാരോഗ്യ ബോർഡോ, മെഡിക്കൽ പ്രാക്ടീഷണറോ ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം. മനോരോഗിയെ അഡ്മിറ്റ് ചെയ്യൽ, ചികിത്സ, വിട്ടയക്കൽ എന്നിവ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങളും ബില്ലിൽ വ്യവസ്ഥ  ചെയ്തിട്ടുണ്ട്. നിയമപ്രകാരം മാനസികാരോഗ്യ അവലോകന കമീഷനും ബോർഡും രൂപവത്കരിക്കും. ഇത് അർധ നീതിന്യായ സ്ഥാപനങ്ങളായിരിക്കും. മാനസിക രോഗമുള്ളവരുടെ അവകാശ സംരക്ഷണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ ഇവ കാലാകാലങ്ങളിൽ സർക്കാറിന് നൽകും. 

Tags:    
News Summary - mental health bill 2017 india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.