സെന്റ് ജോൺസ്: ആന്റിഗ്വയിലേക്ക് നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോസ്കി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി സംരക്ഷണം ലഭ്യമാക്കുകയാണെന്ന് സാമ്പത്തിക കുറ്റാന്വേഷകൻ കെന്നത്ത് റിജോക്ക്. മെഹുൽ ചോസ്കിയുടെ സാമ്പത്തിക കുറ്റകൃത്യത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സ്വകാര്യ ഡിറ്റക്ടീവാണ് റിജോക്ക്.
ചോസ്കിയെ ഇന്ത്യക്ക് കൈമാറുന്നതിനായി ഇന്റപോൾ കസ്റ്റഡിയിലെടുത്തെങ്കിലും കൈമാറ്റം തടയാനായി ആന്റിഗ്വ ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്നാണ് കെന്നത്ത് റിജോക്ക് ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ആന്റിഗ്വയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഡോണിസ് ഹെൻറി ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കോടതി നടപടികൾ നിയമവിരുദ്ധമായി നീട്ടിക്കൊണ്ടുപോകാനാണ് ചോക്‌സി ശ്രമിക്കുന്നതെന്ന് റിജോക്ക് ലേഖനത്തിൽ ആരോപിച്ചു.
ചോക്സിയുടെ ഉടമസ്ഥതയിലുള്ള ജോളി ഹാർബർ റസ്റ്ററന്റായ അൽ പോർട്ടോയിൽ ചോക്സിയും ഇൻസ്പെക്ടർ ഹെൻറിയും ദിവസത്തിൽ മൂന്ന് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നതായി സാക്ഷികളെ ഉദ്ധരിച്ച് റിജോക്ക് കുറിച്ചു.
ഹെൻറിയെ മാത്രമല്ല, കൈക്കൂലി നൽകി ആന്റിഗ്വ മജിസ്‌ട്രേറ്റ് കോൺലിഫ് ക്ലാർക്കിനെയും ചോസ്കി സ്വാധീനിച്ചു.
ചോസ്കിയെ ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഇന്റർപോളിന്റെ ശ്രമങ്ങളിൽ ഇടപെടാൻ ക്ലാർക്കും ഹെൻറിയും ഒരുമിച്ച് ഗൂഢാലോചന നടത്തിയെന്ന് വിവരം ലഭിച്ചതായും റിജോക്ക് ആരോപിക്കുന്നു.
ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ചോസ്കിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. അതിനെ തുടർന്ന് ചോസ്കിയെ തട്ടിക്കൊണ്ടുപോയെന്ന കഥ കെട്ടിച്ചമച്ചു. ക്യൂബയും ഇന്ത്യയും കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ലാത്തതിനാലാണ് ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് പോകാൻ ചോക്സി തീരുമാനിച്ചത്. എന്നാൽ ക്യൂബയിലേക്ക് കൊണ്ടുപോകാമെന്നേറ്റ കപ്പലിലെ ജീവനക്കാർക്ക് പറഞ്ഞുറപ്പിച്ച പണം നൽകാത്തതിനെത്തുടർന്ന് 2021 മെയിൽ ഡൊമിനിക്ക തീരത്ത് ഇയാളെ ഇറക്കിവിടുകയായിരുന്നു.
ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറാൻ ആന്റിഗ്വൻ കോടതി ഉത്തരവിട്ടെങ്കിലും കൈക്കൂലി നൽകി ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കാൻ ചോസ്കിക്കായി.
ബാങ്ക് തട്ടിപ്പിലൂടെയും ഉപഭോക്താക്കളെ പറ്റിച്ചും കോടീശ്വരനായ ചോസ്കി ആന്റിഗ്വയിൽ ഇൻവെസ്റ്റ്‌മെന്റ് പാസ്‌പോർട്ട് പ്രകാരം പൗരത്വം നേടിയ ശേഷം അവിടേക്ക് കടക്കുകയായിരുന്നു. അറസ്റ്റിനായി ഇന്റർപോൾ റെഡ് നോട്ടീസ് നൽകിയിട്ടും പിടികൊടുക്കാതെ വർഷങ്ങളായി ആന്റിഗ്വയിൽ കഴിയുകയാണ് ചോസ്കി.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട പ്രതിക്കെതിരെ 2018 ൽ രാജ്യം വിടുന്നതിന് മുമ്പ് തന്നെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.