ഷില്ലോങ്: ഏക സിവിൽ കോഡ് നടപ്പാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട. ഏക സിവിൽ കോഡ് ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണെന്ന് മേഘാലയയിലെ ഭരണകക്ഷിയും ബിജെപിയുടെ സഖ്യകക്ഷിയുമായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി). പാർട്ടി ദേശീയ പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് കെ സാംഗ്മ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
മേഘാലയയിൽ ഭരണം കൈയാളുന്ന എൻ.പി.പി, മണിപ്പൂരിലും ബിജെപിയെയാണ് പിന്തുണക്കുന്നത്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷതയെന്നും വൈവിധ്യമാർന്ന ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണ് ഏക സിവിൽകോഡെന്നും സാംഗ്മ പറഞ്ഞു.
“എൻപിപിയുടെ കാഴ്ചപ്പാടിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്. ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന് വിരുദ്ധമാണ് ഏക സിവിൽ കോഡ്. ഇന്ത്യ വൈവിധ്യമാർന്ന രാഷ്ട്രമാണ്, വൈവിധ്യമാണ് നമ്മുടെ ശക്തി. കരട് റിപ്പോർട്ട് കാണാത്തതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ പ്രയാസമുണ്ട്’ -അദ്ദേഹം പറഞ്ഞു.
“നമ്മുടെ ശക്തിയും സംസ്‌കാരവും നമുക്ക് മാറ്റാൻ കഴിയില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള മുഴുവൻ സമൂഹത്തിനും തനതായ സംസ്‌കാരമുള്ളതായി ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഞങ്ങൾ മനസ്സിലാക്കുന്നു. അത് നിലനിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിൽ കൈവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വൈവിധ്യമാണ് നമ്മുടെ ശക്തിയും സ്വത്വവുമെന്ന യഥാർഥ ആശയവുമായി പൊരുത്തപ്പെടാത്തതാണ് ഏകീകൃത സിവിൽ കോഡ്’ -അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഏക സിവിൽ കോഡിനെക്കുറിച്ച് വീണ്ടും പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍റെ നടപടിയെക്കുറിച്ച് നിയമ-പേഴ്സനൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി വിശദാംശം തേടി. തിങ്കളാഴ്ചത്തെ കമ്മിറ്റി യോഗത്തിൽ നിയമ കമീഷൻ പ്രതിനിധികൾ ഹാജരാകാനാണ് നിർദേശം. നിയമ മന്ത്രാലയത്തിലെ നിയമനിർമാണ വിഭാഗം പ്രതിനിധികളെയും വിളിച്ചിട്ടുണ്ട്. ഏക സിവിൽ കോഡ് ബിൽ പാർലമെന്‍റിൽ കൊണ്ടുവരാൻ മോദി സർക്കാർ തിടുക്കം കൂട്ടുന്നുവെന്ന സൂചനകൾക്കിടെയാണിത്. ഈ മാസം 14 വരെയാണ് അഭിപ്രായം അറിയിക്കാൻ നിയമ കമീഷൻ പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന സമയം. ഇതുവരെ എട്ടര ലക്ഷം പേർ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ശക്തമായ എതിരഭിപ്രായമാണ് ഏക സിവിൽകോഡിനെതിരെ ഉയർന്നിട്ടുള്ളത്.
ഏക സിവിൽകോഡിന് സമയമായില്ലെന്ന മുൻ നിയമ കമീഷൻ റിപ്പോർട്ട് നിലനിൽക്കെ തന്നെ വീണ്ടും അഭിപ്രായം തേടിയത് നിയമ കമീഷന്‍റെ സ്വതന്ത്ര-നിഷ്പക്ഷ സ്വഭാവത്തിൽ ദോഷകരമായ പ്രതിച്ഛായയാണ് സൃഷ്ടിച്ചത്. നിയമ കമീഷന്‍റെ അഭിപ്രായശേഖരണം നടന്നുകൊണ്ടിരിക്കെ, ആ വിഷയത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഏക സിവിൽകോഡ് ബിൽ പാർലമെന്‍റിലെത്താൻ നടപടിക്രമങ്ങൾ പലതു ബാക്കിയുണ്ട്. നിയമ കമീഷൻ അഭിപ്രായശേഖരണം പൂർത്തിയാക്കി യുക്തമെന്ന് കരുതുന്നവരുമായി കൂടിയാലോചന നടത്തി റിപ്പോർട്ട് തയാറാക്കി നിയമ മന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുക.
നിയമ കമീഷൻ നൽകുന്ന നിർദേശം പരിഗണിച്ചാണ് ഏക സിവിൽകോഡ് ബില്ലിന്‍റെ കരട് നിയമ മന്ത്രാലയം തയാറാക്കുക. അത് മന്ത്രിസഭ അംഗീകരിക്കുന്ന മുറക്കാണ് പാർലമെന്‍റിൽ വെക്കുക.ഇതിനിടെ, ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കുന്നതിന്‍റെ കരട് ബിൽ തയാറായെന്ന് പഠനസമിതി അധ്യക്ഷ റിട്ട. ജസ്റ്റിസ് രഞ്ജന ദേശായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.