പ്രധാനമന്ത്രിയുടെ രീതികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ട്; മാറ്റാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഇടപഴകണം -വെങ്കയ്യ നായിഡു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളെക്കുറിച്ച് പ്രതിപക്ഷത്തിന് തെറ്റിദ്ധാരണയുണ്ടെന്നും ഇത് മാറ്റാൻ എല്ലാ പാർട്ടി നേതാക്കളുമായും ഇടക്കിടെ കൂടിക്കാഴ്ച നടത്തണമെന്നും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരം 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് -പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്ക്സ് (മേയ് 2019 -മേയ് 2020)' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ചില വിഭാഗങ്ങൾക്ക് മോദിയുടെ രീതികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ട്. ഒരുകാലത്ത് ഈ തെറ്റിദ്ധാരണകളെല്ലാം മാറും. എല്ലാ വിഭാഗത്തിലുമുള്ള പാർട്ടി നേതാക്കളുമായും ഇടക്കിടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തണം' -വെങ്കയ്യ നായിഡു പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളും തുറന്ന മനസുള്ളവരായിരിക്കണം. ശത്രുക്കളല്ല, എതിരാളികളാണെന്ന് എല്ലാവരും മനസ്സിലാക്കണം. എല്ലാ പാർട്ടികളും പരസ്പരം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച നായിഡു, കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യ ഉയരങ്ങൾ കീഴടക്കിയെന്നും ഇതിന് കാരണം പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളാണെന്നും അഭിപ്രായപ്പെട്ടു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത വിഷയങ്ങളിലായി പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്. പുതിയ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് പുസ്തകം പുറത്തിറങ്ങുന്നത്. 

Tags:    
News Summary - Meet political leaders more often from all sides: Ex-vice president Venkaiah Naidu to PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.