മീഡിയവൺ സംപ്രേഷണ വിലക്ക്: സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണ വിലക്കിൽ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി മൂന്നാഴ്ച അനുവദിച്ചു. നാലാഴ്ച സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടത്. മെയ് ആദ്യവാരം കേസ് വീണ്ടും പരിഗണിക്കും. സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്തുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.

കേസിൽ മീഡിയവൺ മാനേജ്‌മെന്റ് നൽകിയ ഹരജിയിൽ മറുപടി നൽകാൻ കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയിൽ കൂടുതൽ സമയം തേടിയിരുന്നു. നാല് ആഴ്ച കൂടി അനുവദിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. സത്യവാങ് മൂലം നൽകാൻ മാർച്ച് 30 വരെയാണ് സുപ്രീംകോടതി നേരത്തെ സമയം അനുവദിച്ചിരുന്നത്. എന്നാൽ, സമയപരിധി പാലിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിക്കുകയായിരുന്നു.

സംപ്രേഷണ വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുന:രാരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുഫൈസ അഹമ്മദി, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി. 

Tags:    
News Summary - mediaone ban supreme court grant centre three weeks to file affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.