റായ്പൂർ: എം.ബി.ബി.എസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോർബ ഗവ. മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർഥിയായ ഹിമാൻഷു കശ്യപ് (24) ആണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല, സോറി പപ്പാ...’ എന്ന് കുറിപ്പിലുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ശനിയാഴ്ച രാവിലെ പരീക്ഷയുണ്ടായിരുന്നു. ഹിമാൻഷു പരീക്ഷയെഴുതാൻ കോളേജിലേക്ക് എത്തിയില്ല. തുടർന്ന് സഹപാഠികൾ അന്വേഷിച്ചു പോയപ്പോൾ റൂം ഉളളിൽനിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
2024 ലെ ഒന്നാം വർഷ പരീക്ഷകളിൽ ഹിമാൻഷു പരാജയപ്പെട്ടിരുന്നെന്നും ഈ വർഷം വീണ്ടും പരീക്ഷ എഴുതാൻ തുടങ്ങിയതാണെന്നും കോളേജ് ഡീൻ ഡോ. കെ.കെ. സഹാരെ പറഞ്ഞു. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിലുളള മാനസിക സമ്മർദം കാരണമാകാം ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.