ന്യൂഡൽഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗവുമായിരുന്ന മൗലാന മുഹമ്മദ് യൂസുഫ് ഇസ്ലാഹി (89) അന്തരിച്ചു. യു.പിയിലെ നോയ്ഡയിൽ ഫോർടിസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഖബറടക്കം രാംപുരിൽ നടന്നു.
1932ൽ അറ്റോക്കിലാണ് ജനനം. സഹാറൻപുർ മസ്ഹറുൽ ഉലൂം, സറായ് മദ്റസത്തുൽ ഇസ്ലാഹ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1950കൾ മുതൽ ജമാഅത്തെ ഇസ്ലാമി നേതൃരംഗത്തുണ്ട്. വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ 'ആദാബെ സിന്ദഗി' (ജീവിത മര്യാദകൾ), 'ആസാൻ ഫിഖ്ഹ്', 'ഇസ്ലാമി മുആശറ' ഉൾപെടെ 60ലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. ഇദ്ദേഹത്തിെൻറ പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സ്ത്രീ അവകാശങ്ങളുടെ വക്താവായിരുന്ന അദ്ദേഹം സ്ത്രീവിദ്യാഭ്യാസ പ്രചാരണത്തിലും ഏറെ ശ്രദ്ധ ചെലുത്തി. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇസ്ലാമിക പ്രബോധനത്തിൽ വ്യാപൃതനായിരുന്ന അദ്ദേഹം നിരവധി മത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കക്കാരനാണ്.
രാംപുർ ജംഇയ്യത്തുൽ സാലിഹാത്ത് റെക്ടറായും ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക മുഖ്യരക്ഷാധികാരിയായും പ്രവർത്തിച്ചു. 40 വർഷത്തോളം 'ദിക്റ ജദീദ്' മാഗസിൻ എഡിറ്ററായിരുന്നു. മൗലാന ഇസ്ലാഹിയുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് ജമാഅത്ത് അഖിലേന്ത്യ അമീർ സയ്യിദ് സാദത്തുല്ലാഹ് ഹുസൈനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.