ഗതാഗതക്കുരുക്കിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ

ദേശീയപാത 19ൽ ഗതാഗതക്കുരുക്ക്; വാഹനങ്ങൾ മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാതയായ ദേശീയ പാത 19 ൽ തീവ്രമായ ഗതാഗതക്കുരുക്ക് മൂലം ജനജീവിതം സ്തംഭിച്ചു. ബിഹാറിലെ സസാരം, റോഹ്താസ് മേഖലകളിൽ 15 മുതൽ 20 കിലോമീറ്റർ വരെ നീളത്തിലാണ് ഗതാഗതം പൂർണമായി നിലച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരും യാത്രക്കാരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണമോ, വെള്ളമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ മൂന്ന് ദിവസമായി ദുരിതത്തിലാണ് ഇവർ. റോഡരികിൽ നിന്നും ലഭിക്കുന്ന ചെറിയ പലഹാരങ്ങൾ മാത്രമാണ് പലരുടെയും ആശ്രയം.

കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കിലോമീറ്റർ മാത്രമാണ് താൻ നീങ്ങിയതെന്ന് ഒഡിഷയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രക്ക് ഡ്രൈവർ ദുബൻ കുമാർ പറഞ്ഞു. കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരു ഡ്രൈവർ സഞ്ജയ് ദാസിന് 24 മണിക്കൂറിനിടെ 20 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കാനായതെന്നും അധികൃതർ ഇടപെടുന്നില്ലെന്നും കൂട്ടിച്ചേർത്തു. മണിക്കൂറുകളായി ട്രക്കുകൾ നീങ്ങുന്നില്ലെന്നാണ് ഡ്രൈവർമാർ വ്യക്തമാക്കുന്നത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ശിവ്സാഗറിനടുത്ത് നടത്തുന്ന റോഡ് വീതികൂട്ടൽ ജോലികളാണ് വൻ ഗതാഗതകുരുക്കിന് പ്രധാന കാരണം. കൂടാതെ മൂന്ന് ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും റോഡിന്റെ സ്ഥലം കുറക്കുകയും ചെയ്തു. ഇതേതുടർന്ന് വാഹനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിട്ടത് വേഗത കുറക്കുകയും തിരക്കിന് ഇടയാക്കുകയും ചെയ്തു. വാരണാസിയിലേക്കുള്ള ഓറംഗാബാദ് ഭാഗത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. നൂറുകണക്കിന് ട്രക്കുകളെയും യാത്രാവാഹനങ്ങളെയും ഇത് ബാധിച്ചു.

ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ നാല് പ്രധാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ദേശീയ പാത 19 വ്യാപാര ഗതാഗതത്തിന് അതീവ പ്രാധാന്യമുള്ളതാണ്. ഗ്രാൻഡ് ട്രങ്ക് റോഡിന്റെ ഭാഗമായ ഈ പാത ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യത്തിന് നിർണായക പങ്ക് വഹിക്കുന്നതാണ്. അതിരൂക്ഷമായ ഗതാഗത തടസ്സമുണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കാൻ പ്രാദേശിക അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്നാണ് ആരോപണം.

Tags:    
News Summary - Massive Jam On Delhi-Kolkata Highway, Vehicles Stuck For 3 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.