കാൺപൂർ: യു.പിയിലെ മാർക്കറ്റിൽ വൻ തീപിടിത്തം. കാൺപൂരിലെ ബൻസ്മന്ദിയിലുള്ള ഹംരാജ് മാർക്കറ്റിലെ എ.ആർ ടവറിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
15-16 അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും അപകടം പറ്റിയതായി റിപ്പോർട്ടില്ല. എ.ആർ ടവറിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് സമീപത്തെ മസൂദ് കോംപ്ലക്സിലേക്കും മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
‘തീയണക്കാനുള്ള ശ്രമം നടക്കുകയാണ്. ഹൈഡ്രോളിക് യന്ത്രങ്ങളും മറ്റും ലഖനോവിൽ നിന്ന് കൊണ്ടു വരുന്നുണ്ട്. സൈനിക സഹായവും തേടിയിട്ടുണ്ടെ’ന്ന് യു.പിയിലെ അഗ്നി ശമന സേനാ ഡെപ്യൂട്ടി ഡയറകട്ർ അജയ് കുമാർ എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
പുലർച്ചെ മൂന്നു മണിയോടെയാണ് മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. തീപിടരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാലും ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നതെന്നാണ് സംശയിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ആറ് മണിക്കൂറിലേറെയായി തീയണക്കാനുള്ള ശ്രമം നടക്കുകയാണ് അടുത്ത നാലു മണിക്കൂറിനുള്ളിൽ തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് കരുതുന്നതെന്നും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.