വനിതാ മാവോയിസ്റ്റ് മുളുഗു പൊലീസിനൊപ്പം

മാവോയിസ്റ്റ് യുവതി പൊലീസിൽ കീഴടങ്ങി; തുണയായത് തെലങ്കാന സർക്കാരിന്റെ പുനരധിവാസ പദ്ധതി

ഹൈദരാബാദ്: നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) അംഗമായ 18കാരി പൊലീസിൽ കീഴടങ്ങി. മധ്യപ്രദേശ് സ്വദേശിനിയായ മുടിയം രാമെയാണ് മുളുഗു ജില്ല പൊലീസ് സൂപ്രണ്ട് സുധീർ രാംനാഥ് കേകൻ മുമ്പാകെ കീഴടങ്ങിയത്. ഒളിവിൽ കഴിയുന്ന മാവോയിസ്റ്റുകൾക്കായി തെലങ്കാന സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളെക്കുറിച്ച് അറിഞ്ഞാണ് സംഘടന വിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് രാമെ വെളിപ്പെടുത്തി.

ബിജാപൂർ ജില്ല സ്വദേശിനിയായ രാമെ, മാവോയിസ്റ്റ് സംഘടനയുടെ നിർണായക വിഭാഗമായ സൗത്ത് ബസ്റ്റർ ഡിവിഷനൽ കമ്മിറ്റിയിലെ അംഗമായിരുന്നു. ഒമ്പതാം പ്ലാറ്റൂൺ കമാൻഡർ വിജ്ജാലുവിന് കീഴിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. കീഴടങ്ങിയ ഉടൻ തന്നെ രാമെക്ക് തെലങ്കാന സർക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി 25,000 രൂപ എസ്.പി കൈമാറി. ഇത് പ്രാഥമിക ആവശ്യങ്ങൾക്കുള്ള തുകയാണെന്നും തുടർന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്ന എല്ലാ പുനരധിവാസ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

മാവോയിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നവർക്കായി വിപുലമായ പദ്ധതികളാണ് തെലങ്കാന സർക്കാർ ഒരുക്കിയിരിക്കുന്നത്. കീഴടങ്ങുന്നവർക്ക് അർഹമായ പാരിതോഷികം, മികച്ച ചികിത്സ സൗകര്യങ്ങൾ, പുതിയ തൊഴിൽ കണ്ടെത്താനുള്ള പരിശീലനം, താമസസൗകര്യം തുടങ്ങി എല്ലാവിധ പിന്തുണയും സർക്കാർ ഉറപ്പുനൽകുന്നു. മറ്റു മാവോയിസ്റ്റ് അംഗങ്ങളും അക്രമത്തിന്റെ പാത ഉപേക്ഷിച്ച് നിയമത്തിന് മുമ്പിൽ കീഴടങ്ങണമെന്ന് പൊലീസ് അഭ്യർഥിച്ചു. മാവോയിസ്റ്റുകളുടെ കുടുംബാംഗങ്ങൾ വഴി ഇവർക്ക് വേണ്ട കൗൺസിലിങ്ങും ബോധവത്കരണവും നൽകി വരികയാണെന്നും എസ്.പി ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ഈ പദ്ധതിയിലൂടെ മുഖ്യധാരയിലേക്ക് എത്തുമെന്നാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

News Summary - Maoist woman surrenders to police; helped by Telangana government's rehabilitation scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.