ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട മൂവരും ബി.ജെ.പിയിൽ ചേരും. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുമായി നിലനിന്ന തർക്കങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷമാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുമെന്നുള്ള രാഘവ് ചദ്ദയുടെ പ്രഖ്യാപനം. 

‘രാജ്യസഭയിൽ എ.എ.പിയിൽ നിന്നുള്ള അംഗങ്ങളായ ഞങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകൾ വിനിയോഗിക്കാനും ബി.ജെ.പിയിൽ ലയിക്കാനും തീരുമാനിച്ചു’ -രാഘവ് ചദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തേ, രാജ്യസഭയിലെ എ.എ.പിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ മാറ്റിയിരുന്നു. പകരം ഡോ. അശോക് മിത്തലിനെ പുതിയ ഉപനേതാവായി നിയമിക്കുകയും ചെയ്തിരുന്നു. നൽകിയ ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തയാക്കിയെന്ന് പറഞ്ഞ രാഘവ് ചദ്ദ അരവിന്ദ് കെജ്രിവാളിന് നന്ദിയും പറഞ്ഞു.

എന്റെ രക്തവും വിയർപ്പും ഉപയോഗിച്ച് വളർത്തിയതും എന്റെ യൗവനത്തിന്റെ 15 വർഷം നൽകിയതുമായ ആം ആദ്മി പാർട്ടി അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അടിസ്ഥാന ധാർമ്മികതകളിൽ നിന്നും വ്യതിചലിച്ചു. ഇപ്പോൾ ഈ പാർട്ടി രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടിയല്ല, മറിച്ച് അതിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തെറ്റായ പാർട്ടിയിൽ ഞാൻ ശരിയായ ആളാണെന്ന് എനിക്ക് തോന്നുന്നു. അതിനാൽ ഇന്ന്, ഞാൻ ആം ആദ്മിയിൽ നിന്ന് അകന്നു നിൽക്കുകയും പൊതുജനങ്ങളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കുന്നു -രാഘവ് ചദ്ദ പറഞ്ഞു.

രാജ്യസഭയിലെ ആകെ 10 എ.എ.പി എം.പിമാരിൽ 7 പേർ ബി.ജെ.പിയിൽ ലയിക്കാൻ തീരുമാനിച്ചുവെന്നാണ് വിവരം. ഭരണഘടനാപരമായ ലയന വ്യവസ്ഥകൾ പാലിക്കുന്നതിനാൽ ഇവർക്ക് എം.പി സ്ഥാനം നഷ്ടമാകില്ല. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ പ്രമുഖരും ബി.ജെ.പിയിൽ ചേരുമെന്നും ഛദ്ദ വ്യക്തമാക്കി. 

രാജ്യസഭ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിനനാലെ രാഘവ് ചദ്ദ എ.എ.പിയിൽനിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്നത്തെ പ്രതികരണം. രാഘവ് ചദ്ദക്കെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ കേന്ദ്രസർക്കാറിനെതിരെ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽനിന്ന് രാഘവ് ചദ്ദ ഒഴിഞ്ഞുമാറുന്നുവെന്നും പകരം സ്വന്തം പ്രശസ്തിക്കായി പി.ആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നുമായിരുന്നു വിമർശനം. 

Tags:    
News Summary - Split in Aam Aadmi Party Senior leaders and MPs leave the party and join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.