ന്യൂഡൽഹി: സി.ബി.ഐക്കെതിരെ ആഞ്ഞടിക്കുന്ന പ്രധാനമന്ത്രിയുടെ പഴയ വിഡിയോ പങ്കുവെച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സി.ബി.ഐ പിടിമുറുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ വിമർശിച്ച് സിസോദിയ രംഗത്തുവന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നരേന്ദ്ര മോദി കേന്ദ്ര സർക്കാറിനെതിരെയും സി.ബി.ഐക്കെതിരെയും രൂക്ഷമായി വിമർശിക്കുന്നതാണ് വിഡിയോ. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി സി.ബി.ഐ ഗുജറാത്തിലെ ഓഫിസർമാരെ ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രിമാരെ ജയിലിലടക്കാൻ ശ്രമിക്കുന്നുവെന്നും വിഡിയോയിൽ നരേന്ദ്രമോദി ആരോപിക്കുന്നുണ്ട്. നിരപരാധികളെ കുടുക്കാൻ സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണ്. ഒരു ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളോട് സി.ബി.ഐ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം, മദ്യനയ അഴിമതിക്കേസിൽ സിസോദിയ ഉൾപ്പെടെ 13 പേർക്കെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
നേരത്തെ സിസോദിയയുടെ വീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഡൽഹിയിലെ പുതിയ മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകൾ നടത്തിയെന്നും മനീഷ് സിസോദിയയുടെ സഹായിക്ക് മദ്യവ്യാപാരി ഒരു കോടി രൂപ പണമായി നൽകിയെന്നും സിസോദിയക്കെതിരായ കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം വാർത്തസമ്മേളനം വിളിച്ച സിസോദിയ, ഡൽഹി സർക്കാറിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരെയുള്ള സി.ബി.ഐയുടെ നടപടിയെന്ന് പറഞ്ഞിരുന്നു. ഡൽഹി സർക്കാറിനെ അട്ടിമറിക്കാനുള്ള തിരക്കിട്ട പദ്ധതികൾ മെനയുകയാണ് മോദിയെന്നും സിസോദിയ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.