തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു; മൂന്നുപേർ മാറി മാറി ബലാത്സംഗം ചെയ്തു; വെള്ളമോ ഭക്ഷണമോ നൽകിയില്ല -മണിപ്പൂരിൽ അക്രമത്തിനിരയായ 19 കാരി വിവരിക്കുന്നു

ഇംഫാൽ: ഇക്കഴിഞ്ഞ മേയ് ആദ്യവാരം മുതലാണ് മണിപ്പൂരിലെ കലാപത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കലാപ മേഖലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ അക്രമിസംഘത്തിന്റെ പിടിയിൽ പെട്ട് ക്രൂരമായ ബലാത്സംഗത്തിന് വിധേയയായ അനുഭവമാണ് 19കാരി വിവരിക്കുന്നത്. രക്ഷപ്പെടാൻ തീരുമാനിച്ച് പണം പിൻവലിക്കാനായി എ.ടി.എമ്മിനടുത്തെത്തിയ​പ്പോഴാണ് പെൺകുട്ടിയെ മൂന്നംഗ സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കുന്നിൻ മുകളിലേക്ക് അവർ അവളെ കൊണ്ടുപോയത്. മൂന്നംഗസംഘം മാറി മാറി ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തോക്കിന്റെ പാത്തികൊണ്ട് മർദിച്ചു. വെള്ളമോ ഭക്ഷണമോ പോലും നൽകിയില്ല. മേയ് 15നാണ് പെൺകുട്ടി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.

''ഒരു വെള്ള ബൊലീറോയിലാണ് നാലു പുരുഷൻമാർ എന്നെ കൊണ്ടുപോയത്. എന്നെ കൈയും കാലും ബന്ധിച്ചിരുന്നു. വണ്ടിയിലെ ഡ്രൈവറൊഴിച്ച് മൂന്നുപേരും ബലാത്സംഗത്തിനിരയാക്കി. ഇവരെന്നെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി.''-പെൺകുട്ടി എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.

''അവർ കാട്ടിക്കൂട്ടിയ അതിക്രമത്തെ കുറിച്ച് വിവരിക്കാൻ വാക്കുകളില്ല. ഒരു രാത്രി മുഴുവൻ വെള്ളമോ ഭക്ഷണമോ പോലും തന്നില്ല. പിറ്റേന്ന് രാവിലെ വാഷ്റൂമിൽ പോകാനായി കൈയിലെകെട്ടഴിക്കാൻ ഞാനവരോട് പറഞ്ഞു. അവരിലൊരാൾ എ​ന്റെ കൈകളിലെ കെട്ടഴിച്ചു. കൈകൾ സ്വതന്ത്രമായതോടെ ഞാൻ കണ്ണ് മൂടിക്കെട്ടിയത് മാറ്റി. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിച്ചു. തുടർന്ന് അവിടെ നിന്ന് ഓടിരക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു.''-പെൺകുട്ടി വിവരിച്ചു.

പച്ചക്കറികൾ കയറ്റിയ ഒരു ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കങ്പൊക്പി മേഖലയിലെ ആ​​ശുപത്രിയിലെത്തിയപ്പോൾ നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിലേക്ക് ആശുപത്രിയിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ കങ്പൊക്പി പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ 21നാണ് പരാതി നൽകാൻ സാധിച്ചതെന്ന് പെൺകുട്ടി പറയുന്നു. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തെളിവു ലഭിക്കാത്തതിനാൽ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Manipur Woman Narrates Gang Rape Horror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.