ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകളുടെ വിചാരണക്കായി പ്രത്യേക എൻ.ഐ.എ കോടതി രൂപീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
മണിപ്പൂര്‍ ചൂരാചന്ദ്പൂരിലെ സെഷന്‍സ് കോടതി എൻ.ഐ.എ പ്രത്യേക കോടതിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. എൻ.ഐ.എ നിയമത്തിലെ 11-ാം സെഷന്‍സ് പ്രകാരമാണ് പ്രത്യേക കോടതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട മണിപ്പൂരിലെ മുഴുവന്‍ പ്രദേശങ്ങളിലേയും കേസുകള്‍ ഇതേ കോടതിയില്‍ ആണ് എത്തുക.
മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളാണ് എന്‍ഐഎയുടെ പരിഗണനയിലുള്ളത്. ജിരിബാമില്‍ ആറ് സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയ കേസും ഇതില്‍ ഉള്‍പ്പെടും. 2023 മേയ് മുതലാണ് മണിപ്പൂരിലെ മെയ്‌തേയി- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മെയ്‌തേയി വിഭാഗങ്ങള്‍ക്ക് പട്ടിക വര്‍ഗ വിഭാഗമെന്ന പരിഗണന നല്‍കാനുള്ള കോടതി തീരുമാനത്തിനെതിരെ കുക്കി വിഭാഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 260 പേരിലേറെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അനവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.