ഇവിടെ ജീവിക്കാൻ എനിക്കും ആഗ്രഹമില്ല; പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രതിഷേധിച്ചതിന് വീടൊഴിയാൻ ആവശ്യപ്പെട്ടവർക്ക് മറുപടിയുമായി സുരണ്യ അയ്യർ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ സാമൂഹിക മാധ്യമം വഴി പ്രതിഷേധിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരോടും മകൾ സുരണ്യ അ​യ്യരോടും കഴിഞ്ഞ ദിവസം ഡൽഹിയിലെ വീടൊഴിയണമെന്ന് റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സുരണ്യ അയ്യർ റെസിഡൻസ് അസോസിയേഷന് നൽകിയ മറുപടി. ഫേസ്ബുക്ക് വിഡിയോ വഴിയായിരുന്നു ഡൽഹിയിലെ റെസിഡൻസ് അസോസിയേഷന് സുരണ്യ മറുപടി നൽകിയത്

. സുരണ്യ സാമൂഹിക മാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും കോളനിയിലെ നല്ല മനുഷ്യർ പിന്തുടരുന്ന നിയമങ്ങൾ അനുസരിക്കുന്നില്ലെന്നുമായിരുന്നു അസോസിയേഷന്റെ പരാതി. വിഭജനത്തിനു ശേഷം പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നിരവധിയാളുകൾ കോളനിയിൽ താമസിക്കുന്നുണ്ടെന്നും അസോസിയേഷൻ നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ജനുവരി 20നാണ് പ്രാണപ്രതിഷ്ഠയെ എതിർത്ത് 49കാരിയായ സുരണ്യ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രാണപ്രതിഷ്ഠ ദിനത്തിൽ മുസ്‍ലിം സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവസിക്കുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

തുടർന്ന് മറ്റ് വിഭാഗക്കാരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇവരോട് വീടൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. കോളനിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നവരെയും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രതിഷേധിക്കുകയാണ് ചെയ്തത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഇവിടം വിട്ട് ഇതിനെതിരെ കണ്ണടക്കുന്ന മറ്റൊരിടത്തേക്ക് താമസം മാറ്റുന്നതാണ് ഉചിതം. കാരണം അത്തരം വിദ്വേഷ പ്രവർത്തനങ്ങളോട് കണ്ണടക്കാൻ ഒരിക്കലും സാധിക്കില്ല എന്നും നോട്ടീസിലുണ്ട്. മകളുടെ ​സമൂഹ മാധ്യമ പോസ്റ്റിനെ അപലപിക്കാൻ തയാറല്ലെങ്കിൽ വീട് വിട്ടിറങ്ങണമെന്നാണ് മണി ശങ്കർ അയ്യരോട് ആവശ്യപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.