ബംഗളൂരു: മംഗളൂരുവിൽ ഹിന്ദുത്വ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിന്റെ കുടുംബത്തിന് തിങ്കളാഴ്ച കർണാടക മന്ത്രിയും സ്പീക്കറും 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്.
കർണാടക സർക്കാർ 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗതിയിലാണ്. ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിനൊപ്പം മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ. അഷ്റഫ് വേങ്ങര ആക്ഷൻ കമ്മിറ്റി കൺവീനർ നാസർ വേങ്ങര എന്നിവർ മന്ത്രി സമീർഖാനെ സന്ദർശിച്ചു.
ബി.കെ. ഹരിപ്രസാദ് എം.എൽ.സി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ. ബാവ എന്നിവർ സംബന്ധിച്ചു.
അതിനിടെ, അഷ്‌റഫിന്റെ കൊലപാതകത്തെ കുറിച്ച് പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നീ മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പുറത്തിറക്കിയ മലയാളം പരിഭാഷ സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, വസ്തുതാന്വേഷണ സംഘത്തെ നയിച്ച അഡ്വ. മാനവി അത്രി, എസ്.ആർ. ശശാങ്ക് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഹിന്ദുത്വ വംശീയതയുടെ ക്രൂരമായ ആയുധമായി മാറിയ ആൾക്കൂട്ട കൊലപാതകങ്ങൾ, ഇപ്പോൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണ് അഷ്‌റഫിന്റെ കൊലപാതകമെന്ന് തൗഫീഖ് മമ്പാട് പറഞ്ഞു. പൊലീസ് ആക്രമികൾക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് അഡ്വ. മാനവി പറഞ്ഞു. ഒന്നര ദിവസത്തിനു ശേഷം പ്രദേശവാസികളുടെ സമ്മർദത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
മറുവാക്ക് മാഗസിൻ എഡിറ്റർ അംബിക, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, പി.യു.സി.എൽ കർണാടക ചാപ്റ്റർ ഭാരവാഹികളായ അഡ്വ. മാനവി അത്രി, എസ്.ആർ. ശശാങ്ക്, എ.പി.സി.ആർ ഭാരവാഹി റഷീദ് മക്കട, കൊല്ലപ്പെട്ട അഷ്‌റഫിന്റെ സഹോദരൻ അബ്ദുൽ ജബ്ബാർ, ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.