ലക്നോ: ഉത്തർപ്രദേശിൽ രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു. 26 വയസുകാരനായ ദീപക് വർമയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ആലംബാഗ് പ്രദേശത്ത് വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി കമീഷണർ ആഷിഷ് ശ്രീവാസ്തവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മെട്രോ സ്റ്റേഷനിൽ താമസിച്ചിരുന്ന ദമ്പതികളാണ് തങ്ങളുടെ മകളെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ആലംബാഗ് പൊലീസിനെ സമീപിച്ചത്. ഉടൻ തന്നെ കേസെടുക്കുകയും അന്വേഷണത്തിനായി അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയോഗിക്കുകയും ചെയ്തു. പ്രതിക്കായി ഒരു ലക്ഷം രൂപയുടെ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.
മെട്രോ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ ഒരാൾ വെളുത്ത നിറത്തിലുള്ള സ്കൂട്ടറിലെത്തി പെൺകുട്ടിയെ എടുത്ത് ലിഫ്റ്റിന് പിറകിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നത് വ്യക്തമായിരുന്നു.
സ്കൂട്ടറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആയിഷാബാഗിൽ താമസിച്ചിരുന്ന വർമയാണ് പ്രതിയെന്ന നിഗമനത്തിലെത്തിയത്.
വ്യാഴാഴ്ച ഇയാൾ സ്ഥം വിടുന്നതിനുള്ള ഒരുക്കം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരെ ഇയാൾ നിറയൊഴിച്ചതായി പൊലീസ് അറിയിച്ചു. തിരിച്ച് പൊലീസ് നടത്തിയ വെടിവെപ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ലോക് ബന്ധു ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കിങ്സ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചികിത്സയിലുള്ള പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.