മുംബൈ: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.) ബാലൻസ് പരിശോധിക്കാൻ ഇ.പി.എഫ്.ഒയുടെ ഹെൽപ്പ് ലൈൻ നമ്പറിനായി ഇന്റർനെറ്റിൽ പരതി വഞ്ചിക്കപ്പെട്ടയാൾക്ക് നഷ്ടമായത് 1.23 ലക്ഷം രൂപ. സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് ഓഫീസറായി ജോലി ചെയ്യുന്ന 47 കാരനാണ് ഇത്രയും തുക നഷ്ടമായത്.
തന്‍റെ പി.എഫ് അക്കൗണ്ടിലെ ബാലൻസ് തുക എത്രയുണ്ടന്നറിയാൻ ഇദ്ദേഹം ഇന്‍റർനെറ്റിൽ കണ്ട വ്യാജ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. 'ഹെൽപ് ലൈൻ ഉദ്യോഗസ്ഥൻ' ഒരു റിമോട്ട് ആക്സസ് ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും അക്കൗണ്ട്സ് ഓഫീസർ അത് അനുസരിക്കുകയും ചെയ്തു.
ബാങ്കിൽനിന്ന് ട്രാൻസാക്ഷൻ അലർട്ട് മെസ്സേജ് വന്നപ്പോൾ അക്കൗണ്ട്സ് ഓഫീസർ ഇതേക്കുറിച്ച് 'ഹെൽപ് ലൈൻ ഉദ്യോഗസ്ഥനോ'ട് ചോദിച്ചു. പി.എഫ് തുക പരിശോധിക്കാനുള്ള നടപടിയാണിതെന്നും ഇത് റീഫണ്ട് ആകുമെന്നുമായിരുന്നു മറുപടി. ഫോണിൽവന്ന 9 അക്ക കോഡും ഇദ്ദേഹം പറഞ്ഞ് കൊടുത്തതോടെ 14 വ്യത്യസ്ത ഇടപാടുകളിലൂടെ 1.23 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു.
തട്ടിപ്പിനിരയായത് അന്ധേരി സ്വദേശിയാണെന്ന് എൻ.എം ജോഷി മാർഗ് പൊലീസ് വെളിപ്പെടുത്തി. ഓഫീസിൽ ജോലിക്കിടെയാണ് തന്‍റെ പി.എഫ് ബാലൻസ് തുക പരിശോധിക്കാൻ ഇദ്ദേഹത്തിന് തോന്നിയത്. ഫോണിൽ ഇ.പി.എഫ്.ഓയുടെ വെബ്സൈറ്റ് തുറന്നെങ്കിലും ലോഡ് ആകാത്തതിനെ തുടർന്ന് നെറ്റിൽ പരതി പി.എഫ് കസ്റ്റമർ കെയർ ഹെൽപ് ലൈൻ എന്ന് കണ്ട നമ്പറിൽ വിളിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.