ന്യൂഡൽഹി-ബംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിനിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി മുഴക്കിയ കേസിൽ അറസ്റ്റിലായ യുവാവ് ദീപ് സിങ് റാത്തോഡ്
ബംഗളൂരു: ട്രെയിനിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി വൻ സുരക്ഷാ ഭീതി പരത്തി. ന്യൂഡൽഹി-ബംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിനിലെ (കെ.കെ എക്സ്പ്രസ്) യാത്രക്കാരനാണ് ഞായറാഴ്ച രാവിലെ റെയിൽവേ കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. വാഡി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം നാല് മണിക്കൂർ സമഗ്രമായ സുരക്ഷ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് ന്യൂഡൽഹി-ബംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിൻ പരിശോധിക്കുന്നു
ഭീഷണി മുഴക്കിയ ഉത്തർപ്രദേശ് സ്വദേശിയായ ദീപ് സിങ് റാത്തോഡിനെ (33) അറസ്റ്റ് ചെയ്തു. വാഡി റെയിൽവേ പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ്. വ്യാജ ഫോൺ കോൾ ചെയ്തതായും തെറ്റായ വിവരങ്ങൾ നൽകിയതായും അയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഗുണ്ടക്കലിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ.
ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് ന്യൂഡൽഹി-ബംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിൻ പരിശോധിക്കുന്നു
ഭീഷണിയെത്തുടർന്ന് വാഡി സ്റ്റേഷനിൽ നിർത്തിയ കർണാടക എക്സ്പ്രസ് ഏറെ വൈകിയാണ് പുറപ്പെട്ടത്. ബോംബ് നിർവീര്യമാക്കൽ സംഘങ്ങളെയും ഡോഗ് സ്ക്വാഡുകളെയും വിന്യസിച്ചു. ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചു. പരിശോധനക്കിടെ യാത്രക്കാരെ ഇറക്കി. സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതർ സ്ഥിരീകരിച്ചു. വാഡി റെയിൽവേ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. റാത്തോഡിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സബ് ഇൻസ്പെക്ടർ എച്ച്.എസ്. വീരഭദ്രപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.