കൊൽക്കത്ത: മോഷണ ശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ ഷെരിഫുൽ ഫകിർ കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ്. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫിന് ബാന്ദ്രയിലെ വസതിയിൽവെച്ച് കുത്തേറ്റത്. മുംബൈ ലീലാവതി ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസം താരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.
“കുറ്റവാളിയെന്ന് സംശയിച്ചാണ് എന്റെ മകനെ അവർ അറസ്റ്റ് ചെയ്തത്, എന്നാൽ സംഭവത്തിനു ശേഷം പൊലീസ് പുറത്തുവിട്ട ഫോട്ടോഗ്രാഫിലുള്ള ആൾ അവനല്ല. ചില സാമ്യതകൾ ഉണ്ടെന്നതിന്റെ പേരിലാണ് അവനെ പിടികൂടിയത്. അനധികൃതമായി ഇന്ത്യയിൽ കടന്നതിനാൽ അവനെ ലക്ഷ്യമിടാൻ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആൾക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാൽ ഷെരിഫുൽ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വെക്കുകയുമാണ് ചെയ്യാറുള്ളത്.
ഞങ്ങൾ പാവങ്ങളാണ്, പക്ഷേ ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുൽ ബംഗ്ലാദേശിൽ ബൈക്ക് ടാക്സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഷെരിഫുൽ ഖാലിദ സിയയെ പിന്തുണക്കുന്നതിനാൽ വലിയ എതിർപ്പ് നേരിട്ടു. അതോടെ കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു” -പിതാവ് രോഹുൽ അമീൻ പറയുന്നു.
ഷെരിഫുൽ എങ്ങനെയാണ് ഇന്ത്യയിലേക്ക് കടന്നതെന്ന കാര്യം അറിയില്ലെന്ന് അമീൻ പറഞ്ഞു. കൃത്യമായ വിവരം അവൻ പങ്കുവെച്ചില്ല. എന്നാൽ അവനെ പോലെ മറ്റുപലരും അതിർത്തി കടന്നിരുന്നു. ഇന്ത്യയിൽ കടന്നതിനു പിന്നാലെ പശ്ചിമ ബംഗാളിലെത്തി ഏതാനും ദിവസം അവിടെ റസ്റ്റാറന്റിൽ ജോലി ചെയ്തിരുന്നു. അതിനു ശേഷം മുംബൈയിലെ ബാറിലെത്തി ജോലി ചെയ്തു.
നാട്ടുകാരിൽ ഒരാളെ അവിടെ കണ്ടുമുട്ടിയെങ്കിലും കൂടെ താമസിപ്പിക്കാൻ അയാൾ തയാറായില്ല. സെയ്ഫിന് കുത്തേറ്റ് മൂന്ന് ദിവസത്തിനു ശേഷം വീട്ടിലേക്ക് ഷെരിഫുൽ 10,000 ടാക്ക അയച്ചുനൽകിയിരുന്നു. ഹവാല മാർഗമാണ് പണം കടത്തിയത്. ഷെരിഫുലിന് കവർച്ച നടത്താനോ ആരെയെങ്കിലും ആക്രമിക്കാനോ കഴിയില്ല. പൊലീസ് എളുപ്പത്തിൽ അവനെ കുറ്റവാളിയാക്കുന്നു. തങ്ങൾക്ക് നീതി വേണമെന്നും അമീൻ പ്രതികരിച്ചു.
രോഹുൽ അമീന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് ഷെരിഫുൽ. മൂത്തയാൾ ധാക്കയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. ഇളയ മകൻ സ്കൂൾ വിദ്യാർഥിയാണ്. ഖുൽനയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീൻ. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുൾ പത്താംക്ലാസിൽ പഠനം നിർത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തിൽ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.