ന്യൂഡൽഹി: ബിഹാർ എം.പി ചന്ദൻ സിങ്ങിന്റെ കാർ ബോണറ്റിൽ കുടുങ്ങിയ ആളുമായി സഞ്ചരിച്ചത് മൂന്നു കിലോമീറ്റർ. ഡൽഹി ആശാറാം ചൗക്കിൽ നിന്ന് നിസാമുദ്ദീൻ ദർഗവരെയാണ് കാർ സഞ്ചരിച്ചത്. ഈ സമയമെല്ലാം കാറിന്റെ ബോണറ്റിൽ ഒരാൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഈ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവർ വാഹനത്തെ പിന്തുടർന്ന് നിർത്തുകയും കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചേതൻ എന്നയാളെയാണ് ബോണറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
എം.പിയുടെ കാർ തന്റെ വാഹനത്തിൽ മൂന്നു തവണ ഉരസി. ഇക്കാര്യം പറയാനായി കാറിന് മുന്നിൽ വന്ന് നിന്ന് വാഹനം നിർത്തിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്റെ വാക്കുകൾ ചെവിക്കൊള്ളാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്ന് ചേതൻ പറഞ്ഞു. ഈ സമയം താൻ ബോണറ്റിൽ പിടിച്ചു. എന്നാൽ കാർ നിർത്താൻ കൂട്ടാക്കാതെ വാഹനം മുന്നോട്ട് പോവുകയായിരുന്നു. പലതവണ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ കേട്ടില്ലെന്നും ചേതൻ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേതനുമായി പോകുന്ന കാറിന്റെ വിഡിയോ മറ്റൊരു വാഹനത്തിൽ നിന്നുള്ളവർ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.