'ബി.ജെ.പിയുടെ പാപങ്ങൾക്ക് ജനം എന്തിന് അനുഭവിക്കണം'; പ്രവാചക നിന്ദയിൽ മമത ബാനർജി

കൊൽക്കത്ത: ബി.ജെ.പിയുടെ 'പാപങ്ങൾക്ക്' ജനങ്ങൾ എന്തിന് അനുഭവിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശത്തിൽ തുടർച്ചയായ രണ്ടാംദിനവും പശ്ചിമബംഗാളിലെ ഹൗറയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മമത.

'ഞാൻ ഇത് മുമ്പേ പറഞ്ഞതാണ്. രണ്ടു ദിവസമായി ഹൗറയിൽ സാധാരണ ജീവിതം തടസ്സപ്പെടുകയും ആക്രമങ്ങൾ അരങ്ങേറുകയുമാണ്. ഏതാനും രാഷ്ട്രീയ നേതാക്കളാണ് ഇതിനു പിന്നിൽ. അവർ കലാപം സൃഷ്ടിക്കുകയാണ്. ഇത് ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ല. കർശന നടപടി സ്വീകരിക്കും. ബി.ജെ.പി പാപം ചെയ്തു, ജനം അനുഭവിക്കണമെന്നാണോ?' -മമത ട്വീറ്റ് ചെയ്തു.

കൊൽക്കത്തക്കു സമീപം ഹൗറയിൽ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധം വെള്ളിയാഴ്ച സംഘർഷത്തിൽ കലാശിച്ചിരുന്നു. ശനിയാഴ്ച രാവിലെയും പ്രദേശത്ത് സംഘർഷം അരങ്ങേറി. ആക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതായി എ.എൻ.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലുടനീളം തിങ്കളാഴ്ച വരെ ഇന്‍റർനെറ്റ് ബന്ധവും വിച്ഛേദിച്ചു.

സംസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിച്ച് ഡൽഹിയിൽ പോയി പ്രക്ഷോഭം നടത്താൻ മമത ബാനർജി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Mamata Banerjee On Prophet Row Clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.