ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാക്കൾ രണ്ടു വഴിയിൽ. സ്ഥാനാർഥി ചർച്ചകൾക്കായി ബുധനാഴ്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ധാരണ രൂപപ്പെട്ടതിനിടയിൽ, അന്നുതന്നെ ഡൽഹിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബദൽ യോഗം വിളിച്ചു. കൂടിയാലോചിക്കാൻ വൈകിയതിലെ പ്രകോപനംകൂടിയാണിതെന്ന് കരുതുന്നു. 15ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഡൽഹിയിൽ യോഗം ചേരാമെന്ന് കാണിച്ച് മമത കത്തയച്ചവരിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടുന്നു.

എന്നാൽ, മമതയുടെ നടപടിയിൽ യെച്ചൂരി എതിർപ്പ് പരസ്യമാക്കി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വിപരീത ഫലം ചെയ്യുന്നതാണ് മമതയുടെ നീക്കമെന്ന് യെച്ചൂരി പറഞ്ഞു. 15ന് യോഗം ചേരാൻ സോണിയ ഗാന്ധി, എൻ.സി.പി നേതാവ് ശരത് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ ചേർന്നാണ് ധാരണയിൽ എത്തിയത്.

അതിനിടെ തനിക്കും മമത കത്തയച്ചുവെന്ന് അറിയാൻ കഴിഞ്ഞു. കഴിയുന്നത്ര പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അതിനിടയിലെ ഏകപക്ഷീയ നടപടികൾ പ്രതിപക്ഷ ഐക്യം തകർക്കും -യെച്ചൂരി പറഞ്ഞു. ബി.ജെ.പി വിരുദ്ധ ചേരിയുടെ നേതാവായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് മറ്റു പ്രതിപക്ഷ നേതാക്കൾ പറയുന്നു.

സോണിയയുടെ നേതൃത്വത്തിൽ തീയതി നിശ്ചയിച്ചതിൽ മമത ഭാഗമായിരുന്നില്ല.

ഈ യോഗത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളെ അറിയിച്ചുവരുന്നതേയുള്ളൂ. അതിനിടയിൽ വിവരമറിഞ്ഞ മമത അതേദിവസം ബദൽ യോഗം നിശ്ചയിച്ച് കത്തെഴുതുകയായിരുന്നു.

മമത വിളിച്ച യോഗത്തിലേക്ക് ഏതൊക്കെ പ്രതിപക്ഷ നേതാക്കൾ പോകുമെന്ന ആകാംക്ഷയിലാണ് കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പാർട്ടികൾ. കോൺഗ്രസ് പ്രതിപക്ഷത്തെ നയിക്കുന്നത് അംഗീകരിക്കാത്ത പാർട്ടികളിൽ ടി.ആർ.എസ്, ആപ് എന്നിവയുണ്ട്.

Tags:    
News Summary - Mamata Banerjee calls for alternative opposition meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.