സ്വാധി പ്രജ്ഞ സിങ്, കേണൽ പ്രസാദ്​ പുരോഹിത്​, ഹേമന്ത് കർക്കരെ

മാലേഗാവ്​ സ്​ഫോടനം​; രണ്ട്​ ഏജൻസികൾക്കിടയിൽ വൈരുധ്യം നിറഞ്ഞ കേസ്​

മുംബൈ: 2008ലെ മാലേഗാവ്​ സ്​ഫോടനക്കേസ്​ പ്രതികളെ വെറുതെവിട്ട വിധിയിൽ മുഴച്ചുനിൽക്കുന്നത്​ രണ്ട്​ അന്വേഷണ ഏജൻസികൾക്കിടയിലെയും സാക്ഷിമൊഴികളിലെയും വൈരുധ്യങ്ങൾ. മുംബൈ ഭീകരാക്രമണത്തിൽ (26/11) കൊല്ലപ്പെടുന്നതിന്​ തൊട്ടുമുമ്പാണ്​ ഹേമന്ത്​ കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്​) ​പ്രജ്ഞ സിങ്​ ഠാക്കൂർ അടക്കം 11 പേരെ അറസ്റ്റ്​ ചെയ്തത്​.

സ്​ഫോടനത്തിന്​ ഉപയോഗിച്ചതായി ആരോപിക്കപ്പെട്ട എൽ.എം.എൽ ഫ്രീഡം ബൈക്കാണ്​ കേസിലെ തുമ്പ്​.​ ആദ്യം ബൈക്കിന്റെ ഉടമയായ പ്രജ്ഞസിങ്ങും പിന്നീട്​ മറ്റ്​ 10 പേരും അറസ്റ്റിലായി. മുസ്​ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന്​ വഴിയൊരുക്കാനും രൂപംകൊണ്ട ‘അഭിനവ്​ ഭാരത്’​ സംഘടനയുമായി ഇവർക്ക്​ ബന്ധമുണ്ടെന്നാണ്​ കണ്ടെത്തൽ.

2011ലാണ്​ എൻ.ഐ.എ കേസെറ്റെടുത്തത്​. 2014ൽ ദേശീയ രാഷ്ട്രീയത്തിലെ മാറ്റം എൻ.ഐ.എ നിലപാടിലും പ്രകടമായി. പ്രതികളോട്​ മൃദുസമീപനം സ്വീകരിക്കാൻ കേന്ദ്ര​ നിർദേശമുണ്ടെന്ന്​ എൻ.ഐ.എ ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്നത്തെ പ്രത്യേക പബ്ലിക്​ പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ വെളിപ്പെടുത്തിയത്​ വിവാദമായിരുന്നു. തുടർന്ന്​, അവരെ മാറ്റി. പിന്നീട്​ എൻ.ഐ.എ നാലുപേരെ കേസിൽ നിന്ന്​ ഒഴിവാക്കുകയും മകോക നിയമം പിൻവലിക്കുകയും ചെയ്തു. പ്രജ്ഞ സിങ്ങിനെയും കേസിൽ നിന്ന്​ ഒഴിവാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

എ.ടി.എസ്​ കണ്ടെത്തലുകളെ എൻ.ഐ.എ ഖണ്ഡിക്കുന്നതാണ്​ പിന്നെ കണ്ടത്​. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ എ.ടി.എസ്​ കണ്ടെത്തിയ തെളിവുകൾ നഷ്ടപ്പെട്ടു. 37ഓളം സാക്ഷികൾ കൂറുമാറി. രണ്ട്​ അന്വേഷണ ഏജൻസികൾക്കിടയിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ്​ 2017ൽ ബോം​ബെ ഹൈകോടതി പ്രജ്ഞ സിങ്ങിന്​ ജാമ്യം നൽകിയത്​.

സൈനിക ഇന്റലിജൻസ്​ ഉദ്യോഗസ്ഥനെന്ന നിലയിലാണ്​ ഗൂഢാലോചനകളിൽ പങ്കെടുത്തതെന്നും വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കേസിൽ നിന്ന്​ ഒഴിവാക്കാൻ ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ലഫ്​. കേണൽ പ്രസാദ്​ പുരോഹിത്​ വാദിച്ചിരുന്നു. എന്നാൽ, അങ്ങനെയെങ്കിൽ എന്തുകൊണ്ട്​ സ്​ഫോടനം തടയാനായില്ല എന്ന മറുചോദ്യമാണ്​ ഹരജി തള്ളവേ ഹൈകോടതി ഉന്നയിച്ചത്​.

 പ്രതീക്ഷ തകർന്നെന്ന്​ ഇരകൾ; ഹിന്ദുത്വയുടെ വിജയമെന്ന്​ പ്രജ്ഞ സിങ്​

മുംബൈ: ഇന്നല്ലെങ്കിൽ നാളെ നീതി ലഭിക്കുമെന്ന പ്രതീക്ഷ തകർത്ത വിധിയെന്ന്​ 2008 ലെ മാലേഗാവ്​ സ്​ഫോടനത്തിൽ കൊല്ലപ്പെട്ട അസ്​ഹറിന്റെ (19) പിതാവ്​ നിസാർ ബിലാൽ. തുടക്കം മുതൽ പല സന്ദർഭങ്ങളിലായി വിചാരണ കോടതിയിലും മേൽകോടതികളിലും ഇടപെടൽ ഹരജികൾ നൽകി കേസ്​ വിടാതെ പിന്തുടരുകയായിരുന്നു 75 കാരനായ അദ്ദേഹം. ഇന്നല്ലെങ്കിൽ നാളെ നീതികിട്ടുമെന്ന പ്രതീക്ഷ വിധി തകർത്തെന്ന് നാസർ ബിലാൽ പ്രതികരിച്ചു.

ജീവിതത്തിന്റെ അന്ത്യയാമങ്ങളിലെത്തിയ തനിക്ക്​ ഇൗ വിധി ഒരിക്കലും സമാധാനം തരില്ലെന്ന തോന്നലാണുണ്ടാക്കുന്നതെന്ന് സ്​ഫോടനത്തിൽ കൊല്ലപ്പെട്ട 10 വയസ്സുകാരി ഫർഹീൻ ശൈഖിന്റെ പിതാവ്​ ലിയാകത്ത് ​ശൈഖ്​ പറഞ്ഞു. ജീവിത പ്രാരബ്​ധങ്ങൾക്കിടയിൽ മറ്റ് മരിച്ചവരുടെ ബന്ധുക്കൾക്കാർക്കും കേസ്​ പിന്തുടരാൻ സാധിച്ചിട്ടില്ല. ​ ഇത്​ ഹിന്ദുത്വയുടെ വിജയമാണെന്നാണ്​ കേസിൽ വെറുതെവിട്ട മുഖ്യപ്രതിയായിരുന്ന സന്യാസിനി പ്രജ്ഞ സിങ്​ ഠാക്കൂറിന്റെ പ്രതികരണം.

Tags:    
News Summary - Malegaon blast case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.